സ്നേഹ റാണക്ക് അഞ്ചുവിക്കറ്റ്; ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ
Tuesday, April 29, 2025 6:25 PM IST
കൊളംബോ: ശ്രീലങ്കയിൽ നടക്കുന്ന വനിതാ ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം വിജയം. ദക്ഷിണാഫ്രിക്കൻ വനിതകളെ 15 റൺസിന് തകർത്താണ് ഇന്ത്യ മുന്നേറ്റം തുടരുന്നത്. സ്കോർ: ഇന്ത്യ 276/6 ദക്ഷിണാഫ്രിക്ക 261/10 (49.2).
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 276 റൺസ് നേടി. 78 റൺസ് നേടിയ പ്രതിക റാവൽ ടോപ് സ്കോററായി. ഓപ്പണിംഗ് വിക്കറ്റിൽ സ്മൃതി മന്ഥാനയും (36) പ്രതിക റാവലും 83 റൺസിന്റെ ശക്തമായ അടിത്തറ പാകിയശേഷമാണ് പിരിഞ്ഞത്.
ജെമീമ റോഡ്രിഗസ് (41), റിച്ച ഘോഷ് (24) എന്നിവർ കത്തിക്കയറിയപ്പോൾ ഇന്ത്യക്ക് മികച്ച സ്കോർ പിറന്നു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 48 പന്തിൽ 41 റൺസുമായി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി നോൻകുലുലെക്കോ മ്ലാബ രണ്ടു വിക്കറ്റ് വീഴ്ത്തി.
277 റൺസ് വിജയ ലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ വിറപ്പിച്ചെങ്കിലും മധ്യനിര തകർന്നടിഞ്ഞത് അവർക്ക് തിരിച്ചടിയായി. ക്യാപ്റ്റൻ ലോറ വോൾവാർട്ട് (43), ടാസ്മിൻ ബ്രിറ്റ്സ് (109) എന്നിവർ ഒന്നാം വിക്കറ്റിൽ 140 റൺസ് പടുത്തുയർത്തി.
പിന്നീട് വന്നവർ പൊരുതാതെ കീഴടങ്ങിയപ്പോൾ 49.2 ഓവറിൽ 261 റൺസിന് ദക്ഷിണാഫ്രിക്കൻ പടയോട്ടം അവസാനിച്ചു. ഇന്ത്യയ്ക്കായി സ്നേഹ റാണ 10 ഓവറിൽ 43 റൺസ് വഴങ്ങി അഞ്ചു വിക്കറ്റു വീഴത്തി. സ്നേഹ റാണയെ കളിയിലെ താരമായി തെരഞ്ഞെടുത്തു. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയിരുന്നു.