ദേശീയ സുരക്ഷയുടെ ഭാഗമായി സ്പൈവെയർ ഉപയോഗിക്കുന്നതിൽ തെറ്റില്ല: പെഗാസസ് കേസില്‍ സുപ്രീം കോടതി
Tuesday, April 29, 2025 3:47 PM IST
ന്യൂഡല്‍ഹി: ദേശവിരുദ്ധർക്കെതിരേ ഒരു രാജ്യം സ്പൈവെയര്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് സുപ്രീംകോടതി. ഒരു സ്പൈവെയര്‍ ഉണ്ടായിരിക്കുന്നതില്‍ തെറ്റൊന്നുമില്ല. അത് ആര്‍ക്കെതിരെയാണ് ഉപയോഗിക്കുന്നത് എന്നതാണ് ചോദ്യമെന്നും പെഗാസസ് കേസില്‍ വാദം കേള്‍ക്കേ ജസ്റ്റീസുമാരായ സൂര്യകാന്ത്, എന്‍. കോടീശ്വര്‍ സിംഗ് എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
രാജ്യത്തിന്റെ സുരക്ഷയില്‍ നമുക്ക് വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇസ്രേലി സ്പൈവെയറായ പെഗാസസ് ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവരെ നിരീക്ഷിച്ചെന്ന് ആരോപിച്ചുള്ള കേസാണ് സുപ്രീംകോടതി പരിഗണിച്ചത്.
കേന്ദ്ര സര്‍ക്കാരിന്റെ പക്കല്‍ പെഗാസസ് ചാര സോഫ്റ്റ്വെയര് ഉണ്ടോ എന്നും അത് ഉപയോഗിച്ചിരുന്നോ എന്നതുമാണ് കേസിലെ അടിസ്ഥാനപരമായ വിഷയമെന്ന് ചില ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകന് ദിനേഷ് ദ്വിവേദി പറഞ്ഞു. ഈ ഘട്ടത്തിലാണ് കോടതി ഇടപെട്ടത്.