ഭർതൃവീട്ടിലെ അടുക്കളയിൽ യുവതി ജീവനൊടുക്കി
Tuesday, April 29, 2025 1:21 PM IST
ഇരിട്ടി: കേളൻപീടികയിൽ ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. സ്നേഹാലയത്തിലെ ജിനീഷിന്റെ ഭാര്യ സ്നേഹയെയാണ് (25) ഭർതൃവീട്ടിലെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകുന്നേരം 5.30 നും ആറിനും ഇടയിലാണ് സംഭവം. സ്നേഹ എഴുതിയ ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. തന്റെ മരണത്തിന് കാരണം ഭർത്താവും ഭർത്താവിന്റെ ബന്ധുക്കളുമാണെന്നാണ് കുറിപ്പിലുള്ളത്.
സ്നേഹയുടെ ആത്മഹത്യ ഗാർഹിക പീഡനമാണെന്ന രീതിയിൽ സ്നേഹയുടെ ബന്ധുക്കളുടെ വോയിസ് ക്ലിപ്പുകൾ അടക്കം സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നാലുവർഷം മുൻപ് വിവാഹിതരായ സ്നേഹയും ജിനീഷും തമ്മിൽ നിരന്തരപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സ്നേഹയുടെ ബന്ധുക്കൾ പറയുന്നു.
ഇതുസംബന്ധിച്ച് നിരവധി തവണ ഉളിക്കൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഭാര്യയും ഭർത്താവും തമ്മിലുണ്ടായ വഴക്കാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്ന് പറയുന്നു . ഭർത്താവ് ജിനീഷിനെ കൂടുതൽ ചോദ്യം ചെയ്യലിനായി ഇരിട്ടി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയിട്ടുണ്ട് . ഇവർക്ക് ഒരു കുട്ടിയുണ്ട്.