പാലക്കാട് നഗരസഭയിൽ സംഘർഷം; വനിതാ കൗണ്‍സിലര്‍ കുഴഞ്ഞുവീണു
Tuesday, April 29, 2025 12:39 PM IST
പാലക്കാട്: ഹെഡ്ഗേവാർ വിവാദത്തിൽ പാലക്കാട് നഗരസഭയിൽ വൻ ബഹളം. സിപിഎം, യുഡിഎഫ് കൗൺസിലർമാർ ആരാണ് ഹെഡ്ഗേവാർ എന്ന പോസ്റ്റർ ഉയർത്തി പ്രതിഷേധിച്ചു.
പിന്നാലെ സിപിഎം, യുഡിഎഫ്- ബിജെപി കൗൺസിലർമാർ തമ്മിൽ വാക്കേറ്റമുണ്ടാകുകയും പിന്നീട് ഇത് കൈയാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. സംഘർഷത്തിനിടെ ചെയർപേഴ്സനെ
കൈയേറ്റം ചെയ്തെന്നും പരാതി ഉയർന്നിട്ടുണ്ട്. അതേസമയം ബഹളത്തിനിടെ യുഡിഎഫ് വനിതാ കൗണ്‍സിലര്‍ കുഴഞ്ഞുവീണു. ഇവരെ ഇവിടെനിന്ന് മാറ്റിയിട്ടുണ്ട്.
സംഘർഷസ്ഥിതി നിയന്ത്രിക്കാൻ പോലീസ് ബലംപ്രയോഗിച്ചു. കൗൺസിലർമാരെ പിരിച്ചുവിടുന്നതിനുള്ള ശ്രമത്തിലാണ് പോലീസ്. എന്നാൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായിട്ടില്ല.
നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിന്റെ പേര് നൽകുന്നതിനെതിരെയാണ് എൽഡിഎഫും യുഡിഎഫും രംഗത്തെത്തിയത്.