പാക്കിസ്ഥാന് തെമ്മാടിരാജ്യം, കുറ്റസമ്മതത്തില്‍ അതിശയോക്തിയില്ല: യുഎന്നില്‍ ഇന്ത്യ
Tuesday, April 29, 2025 9:39 AM IST
ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരേ രൂക്ഷ വിമർശനവുമായി ഇന്ത്യ. പാക്കിസ്ഥാന് തെമ്മാടിരാജ്യമാണ്. ഭീകരവാദികളെ സഹായിച്ചെന്ന പാക്കിസ്ഥാന്റെ കുറ്റസമ്മതത്തില്‍ അതിശയോക്തിയില്ലെന്നും ഇന്ത്യ വിമർശിച്ചു.
ഭീകരതയ്ക്ക് ഇരയായവരുടെ പുനരധിവാസമുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കായുള്ള യുഎന്നിന്റെ വിക്റ്റിംസ് ഓഫ് ടെററിസം നെറ്റ്വര്‍ക്കിന്റെ രൂപീകരണ യോഗത്തിലായിരുന്നു ഇന്ത്യയുടെ വിമർശനം.
പാക്കിസ്ഥാൻ ഭീകരവാദത്തിന് വെള്ളവും വളവുമിടുന്ന രാജ്യമാണ് പാക്കിസ്ഥാൻ. ഭീകരവാദവുമായി ബന്ധപ്പെട്ട് ലോകത്ത് അസ്ഥിരതയുണ്ടാക്കാന്‍ അവര്‍ എന്തൊക്കെയാണ് ചെയ്തതുകൊണ്ടിരുന്നത് എന്ന് പാകിസ്താന് പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്റെ വാക്കുകളിലൂടെ കഴിഞ്ഞ ദിവസം പ്രകടമായെന്ന് യോജ്ന പട്ടേല്‍ പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയെ പിന്തുണച്ച ഐക്യരാഷ്ട്രസഭയ്ക്കും അന്താരാഷ്ട്ര സമൂഹത്തിനും പട്ടേല്‍ നന്ദി അറിയിച്ചു.
പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് ലോകമെമ്പാടുമുള്ള നേതാക്കളും സര്‍ക്കാരുകളും നല്കിയ ശക്തമായ പിന്തുണയ്ക്കും ഐക്യദാര്‍ഢ്യത്തിനും ഇന്ത്യയുടെ നന്ദി. അന്താരാഷ്ട്ര സമൂഹം ഭീകരതയോട് കാണിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ തെളിവാണ് ഈ പിന്തുണയെന്നും അവർ വ്യക്തമാക്കി.