ലഹരിക്കേസ്; നടൻ ഷൈൻ ടോം ചാക്കോ മെഡിക്കൽ രേഖകള്‍ ഹാജരാക്കി
Monday, April 28, 2025 6:38 PM IST
കൊച്ചി: ലഹരിയിടപാടു കേസിൽ അന്വേഷണം നേരിടുന്ന നടൻ ഷൈൻ ടോം ചാക്കോ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ മെഡിക്കൽ രേഖകള്‍ ഹാജരാക്കി. നേരത്തെ പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ താൻ ഡി അഡിക്ഷൻ സെന്ററിൽ ചികിത്സയിലാണെന്ന് മൊഴി നൽകിയിരുന്നു.
ഇതിന്റെ രേഖകളാണ് ഹാജരാക്കിയത്. താൻ ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും മെത്തഫിറ്റമിനാണ് ഉപയോഗിച്ചതെന്നും ഷൈൻ മൊഴി നൽകി. ലഹരി വിമുക്തിക്കായി ഷൂട്ടിംഗ് മാറ്റിവച്ച് ഡി അഡിക്ഷൻ സെന്ററിൽ പോയിട്ടുണ്ട്.
തസ്ലീമയുമായി ലഹരി ഇടപാടുകളില്ലെന്നും ഷൈൻ മൊഴി നൽകി. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലാണ് നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡൽ സൗമ്യ എന്നിവരെ എക്സൈസ് ചോദ്യം ചെയ്യുന്നത്.
തിങ്കളാഴ്ച രാവിലെയാണ് മൂന്നുപേരും ചോദ്യം ചെയ്യലിന് ഹാജരായത്. ഇതിനിടെയാണ് ഷൈന്റെ മാതാപിതാക്കൾ മെഡിക്കൽ രേഖകള്‍ ഹാജരാക്കിയത്.