ടിപ്പർ ലോറിക്ക് പിന്നിലിടിച്ച് ടോറസ് കത്തി നശിച്ചു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു
Monday, April 28, 2025 5:39 PM IST
പത്തനംതിട്ട: നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിലിടിച്ച ടോറസ് കത്തി നശിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നേകാലോടെ മനക്കച്ചിറ പെട്രോൾ പമ്പിന് സമീപമായിരുന്നു സംഭവം.
കോഴഞ്ചേരി ഭാഗത്തുനിന്നും മെറ്റൽ കയറ്റിവന്ന ടോറസ് ലോറിയാണ് അപകടത്തിൽപെട്ട് കത്തി നശിച്ചത്. രണ്ട് കാറുകൾക്ക് പിന്നിലിടിച്ച ശേഷമാണ് ടോറസ് നിയന്ത്രണം വിട്ട് ടിപ്പർ ലോറിക്ക് പിന്നിൽ ഇടിച്ചു കയറിയത്.
ടോറസിൽ നിന്ന് പുക ഉയരുന്നതു കണ്ടതോടെ ഡ്രൈവർ ചാടി രക്ഷപ്പെടുകയായിരുന്നു. ഇയാൾ പരിക്കേൽക്കാതെ രക്ഷപെട്ടു. ടോറസ് പൂർണമായും അഗ്നിക്കിരയായി.
തിരുവല്ല അഗ്നിരക്ഷാ സേനയെ എത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. സംഭവത്തെ തുടര്ന്ന് അരമണിക്കൂറോളം തിരുവല്ല - കുമ്പഴ റോഡിൽ ഗതാഗതം തടസപ്പെട്ടു.