എടിഎമ്മിൽനിന്നു മേയ് ഒന്ന് മുതൽ പണം പിൻവലിക്കുന്നതിനു പുതിയ നിരക്ക്
Monday, April 28, 2025 12:24 PM IST
മുംബൈ: മേയ് ഒന്ന് മുതൽ എടിഎം കൗണ്ടർ വഴി പണം പിൻവലിക്കുന്നതിന് നൽകേണ്ട നിരക്കുകളിൽ മാറ്റം. റിസർവ് ബാങ്കാണ് എടിഎം ഇടപാടുകളിൽ നിരക്ക് വർധന പ്രഖ്യാപിച്ചത്.
പണം പിൻവലിക്കാനുള്ള സൗജന്യ ഇടപാടുകൾക്ക് പുറമെയുള്ള ഓരോ ട്രാൻസാക്ഷനും നിലവിൽ 21 രൂപയാണ് നൽകുന്നത്. എന്നാൽ ഒന്നാം തീയതി മുതൽ അത് 23 രൂപയാകും.
അക്കൗണ്ടുള്ള ബാങ്കുകളുടെ എടിഎമ്മിൽ നിന്ന് അഞ്ച് തവണയും മറ്റ് ബാങ്കുകളുടെ എടിഎമ്മിൽ നിന്ന് മൂന്ന് തവണയും (മെട്രോ അല്ലാത്ത നഗരങ്ങളിൽ ഇത് അഞ്ച് തവണയും) പണം സൗജന്യമായി പിൻവലിക്കാം.
എടിഎം കൗണ്ടറുകളുടെ നടത്തിപ്പിനും സെക്യൂരിറ്റി സംവിധാനങ്ങൾ നടപ്പാക്കുന്നതിനും വലിയ ചിലവ് വരുന്നുണ്ടെന്ന ബാങ്കുകളുടെ അഭ്യർഥന മാനിച്ചാണ് ആർബിഐ നിരക്ക് വർധനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്.