സിനിമ സെറ്റുകളിൽ ലഹരി പരിശോധന വ്യാപിപ്പിക്കും; കമ്മീഷണർ പുട്ട വിമലാദിത്യ
Monday, April 28, 2025 11:35 AM IST
കൊച്ചി: കൊച്ചിയിലെ സിനിമ സെറ്റുകളിലേക്ക് ലഹരി പരിശോധന വ്യാപിപ്പിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. ലഹരി കേസുകളിൽ സംവിധായകരും നടന്മാരും പ്രതികളായ പശ്ചാത്തലത്തിലാണ് തീരുമാനം.
ഇതിനായി സിനിമ സെറ്റുകളിലടക്കം എക്സൈസ്, എൻസിബി അടക്കമുള്ള ഏജൻസികളുമായി സഹകരിച്ച് സംയുക്ത പരിശോധന നടത്തുമെന്നും പുട്ട വിമലാദിത്യ പറഞ്ഞു.
ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരി കേസിലെ പരിശോധന ഫലം പുറത്തുവരാൻ മൂന്ന് മാസം വരെ താമസം നേരിടുമെന്ന് കൊച്ചി ഡിസിപി അശ്വതി ജിജി പറഞ്ഞു. ഇത് എത്രയും വേഗത്തിൽ ലഭ്യമാക്കാൻ കോടതിയെ സമീപിക്കുകയാണ് ഇനി ചെയ്യുക.
ഷൈൻ ടോം ചക്കോയുടെ മൊബൈൽ ഫോൺ വിശദമായി പരിശോധിച്ച് വരികയാണെന്നും നിർണായക വിവരങ്ങൾ ലഭിച്ചാൽ ഷൈനിനെ വീണ്ടും വിളിപ്പിക്കുമെന്നും അശ്വതി ജിജി വ്യക്തമാക്കി.