പഹല്‍ഗാം ഭീകരാക്രമണം; ഇന്ത്യയ്ക്കൊപ്പമെന്ന് യുഎസ്
Monday, April 28, 2025 10:00 AM IST
വാഷിംഗ്ടണ്‍ ഡിസി: പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് യുഎസ് വിദേശകാര്യ വകുപ്പ്. വിഷയത്തില്‍ ഇന്ത്യയ്ക്കൊപ്പമെന്ന് യുഎസ് വ്യക്തമാക്കി.
വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന് നൽകിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തിൽ ഉത്തരവാദിത്വബോധത്തോടെയുള്ള പരിഹാരം വേണം. ഇരുരാജ്യങ്ങളുമായും സമ്പര്‍ക്കത്തിലാണെന്നും സ്ഥിതി നിരീക്ഷിച്ചുവരികയാണെന്നും യുഎസ് അറിയിച്ചു.
അതേസമയം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെ പിന്തുണച്ച് ചൈന രംഗത്തെത്തിയിരുന്നു. പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ഇഷാഖ് ദാറും ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിയും ഫോണിൽ ചർച്ച നടത്തിയതിനു പിന്നാലെയാണ് ചൈന നിലപാട് വ്യക്തമാക്കിയത്.
പാക്കിസ്ഥാന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സഹായിക്കുമെന്നും പഹൽഗാം ആക്രമണത്തിൽ നിഷ്പക്ഷ അന്വേഷണത്തെ പിന്തുണയ്ക്കുന്നതായും ചൈന അറിയിച്ചു. ചൈനയോ റഷ്യയോ ഉൾപ്പെട്ട അന്വേഷണം ആണെങ്കിൽ അംഗീകരിക്കുമെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി പറഞ്ഞു.