ഹൈബ്രിഡ് കഞ്ചാവ് കേസ്; മോഡല്‍ സൗമ്യയും ചോദ്യം ചെയ്യലിന് ഹാജരായി
Monday, April 28, 2025 9:03 AM IST
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൊച്ചിയിലെ മോഡല്‍ ആയ സൗമ്യയും ചോദ്യം ചെയ്യലിന് ഹാജരായി. കേസിൽ നടന്മാരായ ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും നേരത്തേ ചോദ്യം ചെയ്യലിന് എത്തിയിരുന്നു. ആലപ്പുഴയിലെ എക്സൈസ് ഓഫീസിലാണ് മൂവരും ഹാജരായത്.
ബംഗളൂരുവിൽ നിന്നാണ് വരുന്നതെന്നും ഇവിടെ ലഹരിവിമുക്ത ചികിത്സയിലാണെന്നും ഷൈന്‍ എക്സൈസ് സംഘത്തെ അറിയിച്ചു. ഡി അഡിക്ഷൻ സെന്ററിൽ ചികിത്സയിലായതിനാൽ ഒരു മണിക്കൂറിനുള്ളിൽ തിരിച്ചയയ്ക്കണമെന്നും ഷൈൻ അന്വേഷണ സംഘത്തിന് മുന്നിൽ നിബന്ധന വച്ചെന്നാണ് സൂചന. കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രത്യേക ചോദ്യാവലി തയാറാക്കിയാണ് ചോദ്യം ചെയ്യൽ.
ഇതിനു ശേഷമാകും നടൻമാർ ഉൾപ്പെടെ ഉള്ളവരെ കേസിൽ പ്രതി ചേർക്കണോ എന്ന കാര്യത്തിൽ അന്വേഷണസംഘം തീരുമാനമെടുക്കുക. ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവർക്കൊപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് അറസ്റ്റിലായ തസ്ലിമ എക്സൈസിന് നൽകിയ മൊഴി.
തസ്ലിമയുടെ ഫോണിൽ നിന്നും ലഹരി ഇടപാടുമായി ബന്ധപ്പെട്ട ശ്രീനാഥ് ഭാസിയുടെ വാട്സാപ് ചാറ്റുകൾ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഷൈൻ ടോം ചാക്കോയുമായുള്ള വാട്സ്ആപ്പ് കോളുകൾ ആണ് പ്രധാനമായും കണ്ടെത്തിയത്.