രാജസ്ഥാനിൽ മുൻ എംഎൽഎയെ പാർട്ടിയിൽനിന്നും പുറത്താക്കി ബിജെപി
Monday, April 28, 2025 12:09 AM IST
ജയ്പുർ: രാജസ്ഥാനിൽ മുൻ എംഎൽഎയെ പാർട്ടിയിൽനിന്നും പുറത്താക്കി ബിജെപി. ദളിത് നേതാവിന്റെ സന്ദർശനത്തിന് പിന്നാലെ ക്ഷേത്രം ഗംഗാജലം ഉപയോഗിച്ച് ശുദ്ധീകരിച്ച നടപടി വിവാദമായതിനെ തുടർന്നാണ് ഗ്യാൻ ദേവ് അഹൂജയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.
ആൽവാറിലെ രാംഗഡിലുള്ള രാമക്ഷേത്രത്തിന്റെ സമർപ്പണ ചടങ്ങിൽ കോൺഗ്രസ് നേതാവ് ടിക്കാറാം ജൂള്ളി പങ്കെടുത്തതിനെത്തുടർന്നാണ് ഗ്യാൻ ദേവ് അഹൂജയുടെ നേതൃത്വത്തിൽ ക്ഷേത്രം ഗംഗാജലം തളിച്ച് ശുദ്ധീകരിച്ചത്.
സംഭവം വിവാദമായതിനെ തുടർന്ന് ബിജെപിയുടെ അച്ചടക്ക സമിതിയുടെ അന്വേഷണത്തിന് ശേഷമാണ് അഹൂജയ്ക്കെതിരെ നടപടി സ്വീകരിച്ചത്. ഞായറാഴ്ച രാവിലെ, തന്റെ ഭാഗം വിശദീകരിക്കാൻ അഹൂജ ബിജെപിയുടെ അച്ചടക്ക സമിതിക്ക് മുമ്പാകെ ഹാജരായിരുന്നു.