പാക്കിസ്ഥാന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സഹായിക്കുമെന്ന് ചൈന
Sunday, April 27, 2025 11:20 PM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെ പിന്തുണച്ച് ചൈന. പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ഇഷാഖ് ദാറും ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിയും ഫോണിൽ ചർച്ച നടത്തിയതിനു പിന്നാലെയാണ് ചൈന നിലപാട് വ്യക്തമാക്കിയത്.
പാക്കിസ്ഥാന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സഹായിക്കുമെന്നും പഹൽഗാം ആക്രമണത്തിൽ നിഷ്പക്ഷ അന്വേഷണത്തെ പിന്തുണയ്ക്കുന്നതായും ചൈന അറിയിച്ചു. ചൈനയോ റഷ്യയോ ഉൾപ്പെട്ട അന്വേഷണം ആണെങ്കിൽ അംഗീകരിക്കുമെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി പറഞ്ഞു.
സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുകയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി പറഞ്ഞു. ഇരുപക്ഷവും സംയമനം പാലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. അതേസമയം പാക്കിസ്ഥാൻ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്നും തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പറഞ്ഞു.