ഫുട്ബോൾ താരം വിനീത് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു
Sunday, April 27, 2025 9:28 PM IST
വൈക്കം: ഫുട്ബോൾ താരം സി.കെ.വിനീതും സുഹൃത്തും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നിന് ഉദയനാപുരം നാനാടത്തുണ്ടായ അപകടത്തിൽ ആർക്കും പരിക്കില്ല.
വിനീതും സുഹൃത്തും തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് വരുന്ന വഴിയാണ് അപകടമുണ്ടായത്. വൈക്കം -പൂത്തോട്ട റൂട്ടിൽ നാനാടത്ത് എത്തിയപ്പോൾ വാഹനം പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വാഹനം ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
റോഡരികിലെ ഓടയോട് ചേർന്നുള്ള കോൺക്രീറ്റ് ഭിത്തിയിൽ കാർ ഇടിച്ചു നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. തുടർന്ന് നാട്ടുകാരും പോലീസും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി വാഹനം നീക്കിയാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്.