പി.കെ.ശ്രീമതിക്ക് വിലക്ക്; എം.വി.ഗോവിന്ദനെ തള്ളി എം.എ.ബേബി
Sunday, April 27, 2025 7:15 PM IST
തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതിക്ക് കമ്മിറ്റികളില്‍ പങ്കെടുക്കുന്നതില്‍ വിലക്കില്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി എം.എ.ബേബി. ശ്രീമതിയെ വിലക്കിയിട്ടില്ലെന്നും സംഘടനാപരമായി തീരുമാനിക്കുന്ന എല്ലാ യോഗങ്ങളിലും പി.കെ.ശ്രീമതി പങ്കെടുക്കുമെന്നും എം.എ.ബേബി വ്യക്തമാക്കി.
ശ്രീമതിയെ വിലക്കിയത് മുഖ്യമന്ത്രിയല്ല പാർട്ടിയാണെന്നായിരുന്നു എം. വി. ഗോവിന്ദന്റെ പ്രതികരണം. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് ശ്രീമതിക്ക് പ്രായപരിധിയിൽ ഇളവ് നൽകിയതെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു. പി.കെ. ശ്രീമതി മഹിളാ അസോസിയേഷന് അഖിലേന്ത്യ പ്രസിഡന്റായി പ്രവര്‍ത്തിക്കുകയാണ്.
അഖിലേന്ത്യാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു വനിത എന്ന നിലയിലാണ് പ്രത്യേക പരിഗണന നല്കി കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. കേന്ദ്ര കമ്മിറ്റിയില്‍ എടുക്കുന്നത് കേരളത്തിലെ സംഘടനാ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാനല്ല. അഖിലേന്ത്യാതലത്തില്‍ പ്രവര്‍ത്തിക്കാനാണ് എന്നായിരുന്നു എം.വി.ഗോവിന്ദന്റെ പരാമര്‍ശം.