കേരളം മാവോയിസ്റ്റ് മുക്തം; തണ്ടർബോള്‍ട്ട് നിരീക്ഷണം തുടരും
Sunday, April 27, 2025 6:49 PM IST
ന്യൂഡൽഹി: കേരളം മാവോയിസ്റ്റ് മുക്തമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട്. പശ്ചിമഘട്ട ദളത്തിലെ നേതാക്കള്‍ കൊല്ലപ്പെടുകയോ അറസ്റ്റിലാകുകയോ ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.
പട്ടികയിൽ നിന്നും ഒഴിവാക്കിയ സാഹചര്യത്തിൽ മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് കേരളത്തിനുള്ള കേന്ദ്ര ഫണ്ട് നഷ്ടമായേക്കുമെന്നും സൂചനയുണ്ട്. മാവോയിസ്റ്റ് ബാധിത മേഖലകളുടെ പട്ടികയിൽ നിന്ന് പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളെ ഒഴിവാക്കി.
ഈ ജില്ലകളിൽ മാവോയിസ്റ്റ് പ്രവർത്തനം സജീവമല്ലെന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടി. എന്നാൽ മാവോയിസ്റ്റ് ബാധിത സ്ഥലങ്ങളിലെ തണ്ടർബോള്‍ട്ടിന്റെ നിരീക്ഷണം തുടരുമെന്ന് പോലീസ് പറഞ്ഞു.
കേരളം, തമിഴ്നാട്, കർണാട സംസ്ഥാനങ്ങളുടെ അതിർത്തിപങ്കിടുന്ന വനമേഖല കേന്ദ്രീകരിച്ചായിരുന്ന മാവോയിസ്റ്റ് ദളം പ്രവർത്തിച്ചിരുന്നത്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ആദ്യഘട്ടത്തിൽ പ്രവർത്തനം സജീവമായി നിലനിന്നിരുന്നു.
പിന്നീട് മലപ്പുറം, വയനാട് ജില്ലകളിലേക്ക് മാറി. ഏറ്റവും ഒടുവിൽ കണ്ണൂർ, വയനാട് ജില്ലകളിലേക്ക് മാറി. മാവോയിസ്റ്റ് ബാധിത ജില്ലകളിൽ പലപ്പോഴും പോലീസുമായി ഏറ്റുമുട്ടലുകളും ഉണ്ടായിരുന്നു.
എന്നാൽ ഇപ്പോൾ ഇത്തരം സംഘം കേരളത്തിൽ സജീവമല്ലെന്ന നിഗമനത്തിലാണ് കേന്ദ്രമെത്തിയത്.