സൂര്യകുമാറിനും റിക്കിൾട്ടനും അർധസെഞ്ചുറി; ലക്നോവിന് 216 റൺസ് വിജയ ലക്ഷ്യം
Sunday, April 27, 2025 5:44 PM IST
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിൽ ലക്നോവിന് 216 റൺസ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റിന് 215 റണ്‍സെടുത്തു.
റയാന് റിക്കിള്ട്ടണ് (58), സൂര്യകുമാര്‍ യാദവ് (54) എന്നിവര്‍ മുംബൈക്കായി അര്‍ധസെഞ്ചുറി നേടി. രണ്ട് സിക്സുകള്‍ പറത്തി മികച്ച തുടക്കം നൽകിയ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റാണ് മുംബൈ ഇന്ത്യന്‍സിന് ആദ്യം നഷ്ടമായത്.
അഞ്ചു പന്തില്‍ 12 റണ്‍സെടുത്ത രോഹിത്തിനെ പരിക്ക് മാറി മടങ്ങിയെത്തിയ മായങ്ക് യാദവ് പുറത്താക്കുകയായിരുന്നു. എങ്കിലും തകര്‍ത്തടിച്ച സഹ ഓപ്പണര്‍ റയാന് റിക്കിള്ട്ടണ് മുംബൈയെ പവര്‍പ്ലേയില്‍ 66-1 എന്ന ശക്തമായ നിലയിലെത്തിച്ചു.
അവസാന ഓവറുകളിൽ നമൻ ധീർ (11 പന്തിൽ 25), കോർബിൻ ബോഷ് (10 പന്തിൽ 20) എന്നിവരുടെ വെടിക്കെട്ടുകൂടിയായപ്പോൾ മുംബൈ മികച്ച സ്കോർ കുറിച്ചു. ലക്നോവിനായി മായങ്ക് യാദവും ആവേശ് ഖാനും രണ്ടും പ്രിൻസ് യാദവ്, ദിഗ്വേഷ് രാത്തി, രവി ബിഷ്ണോയ് എന്നിവർ ഓരോ വിക്കറ്റും നേടി.