സൂരജിന്റെ മരണം ശ്വാസംമുട്ടി; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
Sunday, April 27, 2025 5:05 PM IST
കോഴിക്കോട്: ചേവായൂരിൽ കൊല്ലപ്പെട്ട സൂരജിന്റെ മരണം ശ്വാസംമുട്ടിയെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്. കഴുത്തിൽ മർദനമേറ്റതിന്റെ ആഘാതത്തിൽ ശ്വാസം മുട്ടൽ ഉണ്ടായി. കഴുത്തിനേറ്റ പരിക്കും മരണകാരണമായെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു.
കോളജിൽ കാർ പാർക്കിങ്ങുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇന്നലെ രാത്രി രണ്ടിനായിരുന്നു സംഭവം. പാലക്കോട്ടുകാവ് ക്ഷേത്രോത്സവത്തിന് എത്തിയതായിരുന്നു സൂരജ്. അതിനിടെ ഒരു സംഘം സൂരജിനെ കൂട്ടിക്കൊണ്ടുപോയി മർദിച്ചു.
ആദ്യം നാട്ടുകാർ ഇടപെട്ട് പിരിച്ചു വിട്ടെങ്കിലും പിന്നീട് വീണ്ടും മർദിക്കുകയായിരുന്നു. ചാത്തമംഗലം എസ്എൻഎസ്ഇ കോളജിൽ ഉണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിൽ എത്തിയത്.
കേസിൽ പ്രദേശവാസികളായ അച്ഛനെയും മക്കളെയും അടക്കം 10 പേരെ ചേവായൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരുകയാണ്.