വിവാഹ സംഘത്തിന്റെ വാഹനത്തിന് നേരെ ആക്രമണം; മൂന്നുപേർ പിടിയിൽ
Sunday, April 27, 2025 4:26 PM IST
കോഴിക്കോട്: വിവാഹ സംഘത്തിന്റെ വാഹനത്തിന് നേരെ ആക്രമണം നടത്തിയ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊളവയൽ അസീസ്, ആട് ഷമീർ, അജ്മൽ എന്നിവരാണ് പിടിയിലായത്. പ്രതികളെ പിന്തുടർന്ന് പിടികൂടുന്നതിനിടയിൽ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് കൊടുവള്ളി വെണ്ണക്കാടാണ് വിവാഹ സംഘത്തിന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. സമീപത്തെ കല്യാണ മണ്ഡപത്തിലേക്ക് എത്തിയ ബസ് ആളുകളെ ഇറക്കിയ ശേഷം തിരിക്കാനുള്ള സൗകര്യത്തിനായി പെട്രോൾ പമ്പിലേക്ക് കയറ്റുന്നതിനിടെ കാറിൽ ഉരസിയിരുന്നു.
തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തുടർന്ന് ബസിന് നേരെ പന്നിപ്പടക്കം ഉൾപ്പെടെ എറിയുകയും മുൻവശത്തെ ചില്ല് അടിച്ചുതകർക്കുകയുമായിരുന്നു. അക്രമികൾ എറിഞ്ഞ രണ്ടു പടക്കങ്ങളിൽ ഒന്ന് പമ്പിനുള്ളിൽ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്തു.
പൊട്ടാതെ കിടന്ന മറ്റൊരു പടക്കം പോലീസ് എത്തി പെട്രോൾ പമ്പിന്റെ സമീപത്തു നിന്ന് മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി.