ഖാലിദ് റഹ്മാനെയും അഷറഫ് ഹംസയെയും സസ്പെൻഡ് ചെയ്ത് ഫെഫ്ക
Sunday, April 27, 2025 3:17 PM IST
കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായായി പിടിയിലായ സംവിധായകർ ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയെയും സസ്പെൻഡ് ചെയ്ത് ഫെഫ്ക. കേസിന്റെ അന്വേഷണ പുരോഗതി അറിഞ്ഞശേഷം തുടർനടപടി സ്വീകരിക്കുമെന്നും സംഘടന വ്യക്തമാക്കി.
കേസ് ഗൗരവമായി കാണുന്നുവെന്നും നടപടി സ്വീകരിക്കുന്നതിൽ വലിപ്പച്ചെറുപ്പമില്ല എന്നുമാണ് ഫെഫ്ക നിലപാട്. സിനിമ മേഖലയിലെ ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും ഫെഫ്ക അറിയിച്ചിട്ടുണ്ട്.
കേസിൽ ഛായാഗ്രഹകൻ സമീർ താഹിറിനെയും എക്സൈസ് ചോദ്യം ചെയ്യും. ഫ്ലാറ്റിൽ നിരന്തരം ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് നിഗമനം. സനീറിനെ ഉടൻ നോട്ടീസ് നൽകി വിളിപ്പിക്കും.
ഇന്ന് പുലർച്ചെയാണ് ഖാലിദ് റഹ്മാന്, അഷ്റഫ് ഹംസ ഇവരുടെ സുഹൃത്ത് ഷാലിഫ് മുഹമ്മദ് എന്നിവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. സമീർ താഹിറിന്റെ ഫ്ളാറ്റില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു.