52 കിലോ കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് 10 വര്‍ഷം തടവ്
Sunday, April 27, 2025 3:22 AM IST
കാസര്‍ഗോഡ്: ടാറ്റാ സുമോയില്‍ പ്രത്യേക അറയുണ്ടാക്കി 52 കിലോ കഞ്ചാവ് കടത്തുമ്പോള്‍ പിടിയിലായ പ്രതിക്ക് 10 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. കോട്ടയം പൊന്‍കുന്നം ചിറങ്കടവിലെ കെ.എ. നവാസിനെയാണ് (44) കാസര്‍ഗോഡ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് കെ.പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം അധികതടവുകൂടി അനുഭവിക്കണം.
2013 മേയ് 15നു രാത്രി എട്ടിനു ചെങ്കള ബേവിഞ്ച ദേശീയപാതയില്‍ അന്നത്തെ കാസര്‍ഗോഡ് ഇന്‍സ്പെക്ടര്‍ സി.കെ.സുനില്‍കുമാറും സംഘവുമാണ് വാഹനമടക്കം കഞ്ചാവ് പിടികൂടിയത്.
പ്രതി നവാസ് സമാനമായ മറ്റൊരു കേസില്‍ വിചാരണ നേരിടുകയാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ ജി. ചന്ദ്രമോഹന്, അഡ്വ. ചിത്രകല എന്നിവര്‍ ഹാജരായി.