ബ്യൂട്ടീഷന്മാര്ക്ക് "കേശഭാരം'; തലമുടി സംസ്കരണത്തിൽ പ്രതിസന്ധി
സീമ മോഹന്‍ലാല്‍
Saturday, April 26, 2025 8:58 PM IST
കൊച്ചി: സംസ്ഥാനത്തെ സലൂണുകളിലും ബ്യൂട്ടിപാര്‍ലറുകളിലും നിന്ന് പുറന്തള്ളുന്ന തലമുടി നീക്കം ചെയ്യാനുള്ള സംവിധാനമില്ലാതെ ബ്യൂട്ടീഷന്മാര് പ്രതിസന്ധിയില്‍. പുതുതായി ലൈന്‍സ് എടുക്കാനോ പുതുക്കാനോ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ സ്ഥാപനത്തിലെ മാലിന്യ സംസ്ക്കരണ സംവിധാനത്തെക്കുറിച്ച് വിവരങ്ങള്‍ നല്‍കണം.
എന്നാല്‍ തലമുടി സംസ്ക്കരണത്തിനായി പ്ലാന്റുകളോ മറ്റ് മാര്‍ഗങ്ങളോ സംസ്ഥാനത്ത് ഇല്ലാത്തതിനാല്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ പലര്‍ക്കും ലൈസന്‍സ് പുതുക്കാനോ പുതിയതായി സ്ഥാപനം തുടങ്ങാനോ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. എല്ലാ നഗരസഭകളിലും തലമുടി സംസ്ക്കരണ പ്ലാന്റ് നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
പൊതുവിടങ്ങളില്‍ മാലിന്യം വലിച്ചെറിയാന്‍ പാടില്ലെന്ന പൊതുനിയമം ശക്തമായതോടെ തലമുടി പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലുമൊക്കെ നിക്ഷേപിച്ച് നടപടി നേരിട്ടവരും ഇക്കൂട്ടത്തിലുണ്ട്. കേരളത്തില്‍ മറ്റ് മാലിന്യ സംസ്ക്കരണത്തിന് ഒട്ടനവധി സംവിധാനങ്ങളുണ്ട്. എന്നാല്‍ തലമുടി സംസ്ക്കരിക്കുന്നതിനുള്ള പ്ലാന്റുകള്‍ നിലവിലില്ല.
മലബാര്‍ മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ചെറിയ തോതില്‍ തലമുടി സംസ്ക്കരണത്തിനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും മറ്റിടങ്ങളില്‍ ഇത് നടപ്പായിട്ടില്ല. സംസ്ഥാനത്ത് നാലു ലക്ഷത്തോളം ബാര്‍ബര്‍- ബ്യൂട്ടീഷന്മാരാണുള്ളത്. ബ്യൂട്ടീപാര്‍ലറുകളും സലൂണുകളും നടത്തുന്നവര്‍ക്ക് തലമുടി സ്വന്തമായി സംസ്ക്കരിക്കുകയെന്നത് പ്രയാസമുള്ള കാര്യമാണ്.
സ്ഥാപനത്തില്‍ സ്വന്തമായി സംസ്ക്കരണ പ്ലാന്റും നിര്‍മിക്കുകയെന്നതും പ്രായോഗികമല്ല. അതിനാല്‍ സര്‍ക്കാര്‍ തലത്തില്‍ ഇതിനുളള സംവിധാനം ഒരുക്കണമെന്ന ആവശ്യമാണ് ഈ രംഗത്ത് തൊഴിലെടുക്കുന്നവര്‍ മുന്നോട്ടുവയ്ക്കുന്നത്.
ബ്രഹത്തായ മാലിന്യ സംസ്ക്കരണ സംവിധാനമുള്ള കൊച്ചി നഗരത്തില്‍ പോലും അജൈവമാലിന്യമായ തലമുടി സംസ്ക്കരിക്കുന്നതിനുള്ള സംവിധാനമില്ല. നഗരസഭ ചെറിയ അളവില്‍ തലമുടി ജൈവമാലിന്യങ്ങള്‍ക്കൊപ്പം ഇപ്പോള്‍ ബ്രഹ്മപുരം മാലിന്യ സംസ്ക്കരണ പ്ലാന്റില്‍ സംസ്ക്കരിക്കുന്നുണ്ട്.
കൊച്ചി നഗരത്തില്‍ മാത്രം ലൈസന്‍സുള്ള നൂറിലധികം ബ്യൂട്ടിപാര്‍ലറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൂടാതെ വീടുകളിലും മൊബൈല്‍ യൂണിറ്റുകളായും പ്രവര്‍ത്തിക്കുന്ന ബ്യൂട്ടിപാര്ലറുകളുമുണ്ട്. ഇത്തരത്തിലുള്ള ഒരു പ്ലാന്റ് സ്ഥാപിക്കുന്നതിനെക്കുറിച്ചു കൊച്ചി നഗരസഭയും ആലോചിക്കുന്നുണ്ട്.
ഈ ആവശ്യം ഉന്നയിച്ച് തദ്ദേശസ്വയംഭരണ മന്ത്രിക്ക് നിവേദനം നല്‍കാനും മേയ് ആറിന് സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹരസമരം നടത്താനും ഉദ്ദേശിക്കുന്നതായി ഓള് ഇന്ത്യ ബ്യൂട്ടീഷന് തൊഴിലാളി അസോസിയേഷന് അഖിലേന്ത്യ ചെയര്മാന് സി.ടി. മുരളീധരന് പറഞ്ഞു.