പഹല്‍ഗാം ഭീകരാക്രമണം; പാക്കിസ്ഥാന്റെ പങ്ക് സ്ഥിരീകരിച്ച് ഇന്ത്യ
Saturday, April 26, 2025 10:46 AM IST
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് സ്ഥിരീകരിച്ച് ഇന്ത്യ. രഹസ്യാന്വേഷണ സംഘങ്ങളുടെ റിപ്പോര്‍ട്ടും ഭീകരാക്രമണം സംബന്ധിച്ച പ്രാഥമിക അന്വേഷണവും വിരല്‍ചൂണ്ടുന്നത് പാക്കിസ്ഥാന്റെ പങ്കിലേക്കാണ്.
അന്താരാഷ്ട്രാ സമൂഹത്തെ ഇന്ത്യ ഇതുസംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ധരിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരെയുള്ള നടപടികളുമായി ഇന്ത്യ മുന്നോട്ട് പോകുകയാണ്.
സിന്ധൂനദീജല കരാര്‍ മരവിപ്പിച്ചത് അറിയിച്ചുകൊണ്ട് പാക്കിസ്ഥാന് ഇന്ത്യ നയതന്ത്ര കുറിപ്പ് നല്കി. ലോകബാങ്ക് ഇടപെട്ടുള്ള തര്‍ക്കപരിഹാര ചര്‍ച്ചകളില്‍നിന്നും ഇന്ത്യ പിന്മാറിയേക്കും. ഇത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം അറ്റോർണി ജനറലിന്റെ ഉപദേശം തേടി.
സിന്ധു നദിയിലെ രണ്ട് ജലവൈദ്യുത പദ്ധതികളിൽ പാക്കിസ്ഥാന്റെ പരാതിയിൽ ലോകബാങ്ക് ഇടപെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽനിന്നാണ് ഇന്ത്യ പിന്മാറാൻ ഒരുങ്ങുന്നത്