ജമ്മുകാഷ്മീരിൽ ജില്ലാ ഭരണകൂടം തകർത്തത് അഞ്ച് ഭീകരരുടെ വീടുകൾ
Saturday, April 26, 2025 10:43 AM IST
ശ്രീനഗർ: ജമ്മുകാഷ്മീരിൽ വെള്ളിയാഴ്ച അഞ്ച് ഭീകരരുടെ വീടുകൾ ജില്ലാ ഭരണകൂടം തകർത്തു. കാഷ്മീരിലെ ഷോപിയാൻ, കുൽഗാം എന്നീ ജില്ലകളിൽ ഓരോ വീടുകളും പുൽവാമയിൽ മൂന്ന് വീടുകളുമാണ് തകർത്തത്.
ഷോപിയാനിൽ മുതിർന്ന ലഷ്കരെ ത്വയ്ബ കമാൻഡർ ഷാഹിദ് അഹ്മദ് കുട്ടേയുടെയും കുൽഗാമില്‍ ഭീകരൻ സാഹിദ് അഹമ്മദിന്റെയും വീടുകൾ തകർത്തു.
പുൽവാമയിൽ ലഷ്കർ ഭീകരൻ ഇഷാൻ അഹമ്മദ് ഷെയ്ഖ്, ഹാരിസ് അഹമ്മദ്, അഹ്സാൻ ഉൾ ഹഖ് ഷെയ്ഖ് എന്നിവരുടെയും വീടുകൾ തകർത്തു.
അതേസമയം, അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനമുണ്ടായി. നിയന്ത്രണരേഖയില്‍ പലയിടത്തും പാക്കിസ്ഥാന് സൈന്യത്തിന്റെ ഭാഗത്തുനിന്ന് വെടിവയ്പ്പുണ്ടായി. ശക്തമായ തിരിച്ചടി നല്‍കിയെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലും പാക് സൈന്യത്തിന്റെ ഭാഗത്തുനിന്ന് പല തവണ പ്രകോപനമുണ്ടായിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരേ ഇന്ത്യ നടപടികള്‍ കടുപ്പിച്ചതിന് പിന്നാലെയാണ് ഇത്.