ആക്രമണം തന്നെ ലക്ഷ്യമിട്ട് നടന്നതെന്ന് ശോഭ സുരേന്ദ്രൻ
Saturday, April 26, 2025 7:57 AM IST
തൃശൂർ: വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. തനിക്ക് നേരെയുണ്ടായ ആക്രമണമാണിതെന്നും സംഭവത്തിന് പിന്നിൽ ആരാണെങ്കിലും പുറത്തുകൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു.
രാത്രിയിൽ തന്റെ വാഹനം പുറത്തേക്ക് പോയിരുന്നെന്ന് ശോഭ പറഞ്ഞു. വെള്ള കാർ പോർച്ചിൽ കിടക്കുന്ന വീടെന്നായിരിക്കാം അക്രമികൾക്ക് ലഭിച്ച നിർദ്ദേശം. അതുകൊണ്ടാവാം തന്റെ വീടിന് എതിർവശത്തുള്ള വീടിന് നേരെ ആക്രമണം നടന്നത്.
പടക്കം പൊട്ടിക്കേണ്ട യാതൊരു സാഹചര്യവും പ്രദേശത്ത് ഉണ്ടായിരുന്നില്ല. താൻ കാഷ്മീരിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വീട്ടിൽ പോയതായിരുന്നു. അതിനുശേഷം വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് ഈ സംഭവം ഉണ്ടായതെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു.