തിരുവാതുക്കല്‍ ഇരട്ട കൊലപാതകം; ദമ്പതികളുടെ സംസ്കാരം ഞായറാഴ്ച
Saturday, April 26, 2025 6:13 AM IST
കോട്ടയം: തിരുവാതുക്കലിൽ കൊല്ലപ്പെട്ട പ്രമുഖ വ്യവസായി ടി.കെ.വിജയകുമാറിന്റെയും ഭാര്യ ഡോ.മീരയുടെയും സംസ്കാരം ഞായറാഴ്ച വൈകുന്നേരം മൂന്നിന് വീട്ടുവളപ്പിൽ നടത്തും. അമേരിക്കയിലായിരുന്ന മകള്‍ ഗായത്രി നാട്ടിലെത്തിയതോടെയാണ് സംസ്കാരം നടത്തുന്നത്.
സംസ്കാരത്തിനു മുമ്പ് ദമ്പതികളുടെ മൃതദേഹം കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കേസിലെ പ്രതിയായ അമിത്ത് ഉറാംഗിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മുൻ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. മൂന്ന് വർഷത്തോളം വിജയകുമാറിന്റെ വീട്ടിലും ഓഡിറ്റോറിയത്തിലും വിശ്വസ്തനായി ജോലി ചെയ്തിരുന്ന പ്രതി ഇവരുടെ മൊബൈൽഫോണുകൾ മോഷ്ടിച്ച് പണം തട്ടിയെടുത്തതിന് ജയിലിലായിരുന്നു.
അതിനെ തുടർന്ന് ഇയാളുടെ ഭാര്യ ഉപേക്ഷിച്ച് പോയി.ഇതിന്റെ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പോലീസ് വിശദീകരണം.