ശോഭാ സുരേന്ദ്രന്റെ വീടിനു സമീപത്ത് സ്ഫോടനം; പോലീസ് അന്വേഷണം ആരംഭിച്ചു
Saturday, April 26, 2025 4:14 AM IST
തൃശൂർ: ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ വീടിനു സമീപത്തെ വീട്ടിലേക്ക് അജ്ഞാതര്‍ സ്ഫോടകവസ്തു എറിഞ്ഞു. വെള്ളിയാഴ്ച രാത്രി പത്തേമുക്കാലോടെ അയ്യന്തോള്‍ ഗ്രൗണ്ടിനടുത്തുള്ള വീടിനു സമീപമാണ് സംഭവം.
ശോഭയുടെ വീടാണെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണമുണ്ടായതെന്നാണ് നിഗമനം. സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു. ബൈക്കുകളിലെത്തിയ നാലു പേരാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.
വലിയ ശബ്ദത്തോടെ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചപ്പോഴാണ് പരിസരവാസികള്‍ സംഭവമറിയുന്നത്. സംഭവസമയത്ത് ശോഭാ സുരേന്ദ്രനും വീട്ടിലുണ്ടായിരുന്നു. സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചവരെ ഉടൻ കണ്ടെത്തണമെന്ന് ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
അതേസമയം ജില്ലയിലെ ബിജെപി നേതാക്കളുടെ വീടുകൾക്ക് സംരക്ഷണം നൽകാൻ പോലീസ് നിർദേശം നൽകി.