കാനത്തിന്റെ കുടുംബത്തോട് ക്ഷമ പറഞ്ഞ് സിപിഐ
Saturday, April 26, 2025 3:36 AM IST
തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ കുടുംബത്തോട് ക്ഷമ പറഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കാനത്തിന്റെ കുടുംബത്തെ സമ്മേളനത്തിലേക്ക് ക്ഷണിക്കാത്തതിൽ വീഴ്ചയുണ്ട് എന്ന് ബിനോയ് വിശ്വം പറഞ്ഞു.
കാനത്തിന്റെ മകനെ ഫോണിൽ വിളിച്ചാണ് ബിനോയ് വിശ്വം ഖേദപ്രകടനം നടത്തിയത്. നേരത്തെ പരിപാടിയിലേക്ക് ക്ഷണിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് കാനത്തിന്റെ മകൻ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു.
തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ മരിച്ച നേതാക്കളുടെ കുടുംബാംഗങ്ങളെ ആദരിച്ചിരുന്നു. എന്നാൽ തങ്ങളുടെ കുടുംബത്തെ ക്ഷണിച്ചില്ലെന്ന് കാനത്തിന്റെ മകൻ സന്ദീപ് രാജേന്ദ്രൻ പറഞ്ഞു. അസൗകര്യം ഉള്ളതുകൊണ്ട് ആണ് വരാഞ്ഞതെന്ന പ്രസ്താവന തെറ്റാണ്. പരിപാടി അറിയിക്കാതെ എങ്ങനെ അസൗകര്യം പറയുമെന്നും സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു.