ഓണ്‍ലൈനാക്കിയിട്ടും മുദ്രപത്രം കിട്ടാനില്ല
സ്വന്തം ലേഖകന്‍
Friday, April 25, 2025 9:56 PM IST
കോഴിക്കോട്: മുദ്രപത്രങ്ങള്‍ പൂര്‍ണമായി ഓണ്‍ലൈനാക്കിയിട്ടും പ്രതിസന്ധി തീരാത്തത് ജനങ്ങളെ ദുരിതത്തിലാക്കി. അടിക്കടിയുണ്ടാകുന്ന സോഫ്റ്റ്വെയര് അപ്ഡേറ്റുകളും നെറ്റ്വര്‍ക്ക് ലഭ്യതയിലെ പ്രശ്നങ്ങളും ഇപ്പോഴും വെല്ലുവിളിയായി തുടരുന്നു.
മുദ്രപത്രങ്ങള്‍ക്കായി ഇപ്പോഴും ട്രഷറിയെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യമാണുള്ളത്. ഇവിടെയുള്ളതാകട്ടെ 500 രൂപയുടെയും 1,000 രൂപയുടെയും മുദ്രപത്രങ്ങള്‍. അന്പതിന്റെയും നൂറിന്റെയും ആവശ്യത്തിന് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും മുദ്രപത്രങ്ങള്‍ വില്‍ക്കാമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.
മുന്‍പ് മുദ്രപത്രങ്ങള്‍ വാങ്ങുന്ന സമയത്ത് വാങ്ങിക്കുന്നയാളിന്റെ പേരും ഫോണ്‍ നമ്പറും മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. ഇപ്പോള്‍ എന്താണ് ആവശ്യം, കരാറില്‍ ഏര്‍പ്പെടുന്ന ആളുകളുടെ വിവരങ്ങള്‍ എന്നിവയും രേഖപ്പെടുത്തുന്നുണ്ട്.
ഇതിന് കുറേകൂടി സമയം ആവശ്യമാണ്. ഇതും ഓഫീസുകളില്‍ തിരക്കുണ്ടാവുന്നതിന് കാരണമാകുന്നെന്നാണ് വെണ്ടര്‍മാര്‍ പറയുന്നത്. സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നതിലെ പരിചയക്കുറവും വെണ്ടർമാർക്കു വെല്ലുവിളി സൃഷ്ടിക്കുന്നു.
ഒരേ വിലയുടെ മുദ്രപത്രങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പതിവ് പണ്ടുണ്ടായിരുന്നു. ഇപ്പോള്‍ ഇ- സ്റ്റാമ്പിംഗ് സംവിധാനം ഏര്‍പ്പെടുത്തിയതിനാല്‍ ഇ-സ്റ്റാമ്പ് രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് രേഖപ്പെടുത്തുന്ന ആവശ്യത്തിന് മാത്രമേ ഇത് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു.