കേരളത്തിലുള്ള പാക് പൗരന്മാർ 29ന് മുന്പ് മടങ്ങണമെന്നു നിർദേശം
Friday, April 25, 2025 8:28 PM IST
തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലുള്ള പാക് പൗരന്മാരോട് തിരികെ പോകാൻ നിർദേശം. രാജ്യത്ത് കഴിയുന്ന പാക്കിസ്ഥാൻ പൗരൻമാർ ഉടൻ രാജ്യം വിടണമെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ അന്ത്യശാസനത്തെ തുടർന്നാണ് പാക് പൗരൻമാരെ മടക്കി അയയ്ക്കാൻ വിവിധ സംസ്ഥാനങ്ങൾ നടപടി തുടങ്ങിയത്.
കേരളത്തിലുള്ള 102 പാക്കിസ്ഥാൻ പൗരന്മാരും ഈ മാസം 29-നുള്ളിൽ മടങ്ങണം. ചികിത്സ തേടി കേരളത്തിലെത്തിയ പാക് സ്വദേശികൾക്ക് ഉൾപ്പെടെ നിർദേശം കൈമാറി. വിദ്യാർഥി വിസയും മെഡിക്കൽ വിസയും റദ്ദാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കണ്ണൂരിലാണ് ഏറ്റവും കൂടുതൽ പാക് പൗരന്മാർ ഉള്ളത്. 71 പേരാണ് നിലവിൽ ജില്ലയിലുള്ളത്. കേരളത്തിലെത്തിയ പാക് പൗരൻമാർ വ്യാപാര ആവശ്യങ്ങൾക്കും ചികിത്സയ്ക്കും വിദ്യാഭ്യാസ ആവശ്യത്തിനുമായാണ് എത്തിയത്. കൂടുതൽ പേരും ചികിത്സക്കായാണ് എത്തിയത്.
പാക്ക് പൗരർക്കു നിലവിൽ അനുവദിച്ച എല്ലാ വീസകളുടെയും കാലാവധി ഈ മാസം 27ന് കഴിഞ്ഞതായി കണക്കാകും. മെഡിക്കൽ വീസ ലഭിച്ചവർക്കു മടങ്ങാൻ 29 വരെ സമയമുണ്ട്. സംസ്ഥാനത്ത് കഴിയുന്ന പാക് പൗരൻമാരെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും സംസ്ഥാന ഇന്റലിജൻസും നിരീക്ഷിക്കുന്നുണ്ട്.
അതേസമയം തമിഴ്നാട്ടിലുള്ള 200 പാക് പൗരൻമാരെ മടക്കി അയക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് എം.കെ.സ്റ്റാലിൻ സർക്കാർ. സാർക്ക് വീസാ ഇളവു പദ്ധതിയിലൂടെ പാക്ക് പൗരർക്ക് ഇന്ത്യയിൽ പ്രവേശിക്കാനാകില്ലെന്നും അത്തരത്തിൽ ഇതിനകം എത്തിയവർ 48 മണിക്കൂറിനകം രാജ്യം വിടണമെന്നും കഴിഞ്ഞ ദിവസം പ്രഖ്യാപനമുണ്ടായിരുന്നു.