അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെട്ട് പ്രതി; ഓടിച്ചിട്ട് പിടികൂടി പോലീസ്
Friday, April 25, 2025 4:23 PM IST
കോഴിക്കോട്: അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെട്ട പ്രതിയെ ഓടിച്ചിട്ട് പിടികൂടി പോലീസ്. കോഴിക്കോട് പേരാമ്പ്ര പോലീസാണ് പ്രതിയെ അരക്കിലോമാറ്ററോളം ദൂരം പുറകേയോടി പിടികൂടിയത്.
പോക്സോ കേസിൽ അറസ്റ്റ് ചെയ്ത കാവുന്തറ മീത്തലെ പുതിയോട്ടില്‍ അനസി(34)നെയാണ് പോലീസ് ഓടിച്ചിട്ട് പിടികൂടിയത്. പ്ലസ് ടു വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പേരാമ്പ്ര പോലീസ് ഇന്‍സ്പെക്ടര്‍ ജംഷീദിന്റെ നിര്‍ദേശ പ്രകാരമായിരുന്നു നടപടി.
എസ്ഐ ഷമീര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി. സുനില്‍ കുമാര്‍ തുടങ്ങിയവര്‍ ഇയാളുടെ കാവുന്തറയിലെ വീട്ടില്‍ എത്തിയാണ് പിടികൂടിയത്. ഇവിടെ നിന്ന് പോലീസ് വാഹനത്തില്‍ സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് ചെമ്മലപ്പുറം എന്ന സ്ഥലത്ത് വച്ച് അനസ് ജീപ്പില്‍ നിന്ന് ഇറങ്ങിയോടിയത്.
സമീപത്തെ പറമ്പിലേക്ക് ഓടിക്കയറിയ പ്രതിക്ക് പിന്നാലെ എസ്സിപിഒ സുനില്‍ കുമാറും ഓടി. അരക്കിലോമീറ്ററോളം പിന്തുടര്‍ന്ന ശേഷമാണ് സാഹസികമായി അനസിനെ കീഴ്പ്പെടുത്താനായത്. പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ സുനില്‍ കുമാറിന്റെ കാലിനും നടുവിനും പരിക്കേറ്റിട്ടുണ്ട്. പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.