രാമചന്ദ്രൻ യാത്രയായി; ഔദ്യോഗിക ബഹുമതികളോടെ വിട, അന്ത്യാഞ്ജലിയർപ്പിച്ച് ഗവർണറും മന്ത്രിമാരും
Friday, April 25, 2025 2:33 PM IST
കൊച്ചി: ജമ്മു കാഷ്മീരിലെ പഹല്‍ഗാമിൽ ഭീകരാക്രമണത്തില്‍ വെടിയേറ്റുമരിച്ച കൊച്ചി ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രന് കണ്ണീരോടെ യാത്രാമൊഴി നല്കി കേരളം. ഇടപ്പള്ളി ശാന്തികവാടം ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
രാവിലെ ഏഴുമുതല്‍ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തിന് വിവിധ മേഖകളിൽനിന്നുള്ള പ്രമുഖരും പൊതുജനങ്ങളുമടക്കം നൂറുകണക്കിനു പേർ അന്തിമോപചാരം അർപ്പിച്ചു.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മന്ത്രിമാരായ പി. രാജീവ്, എ.കെ. ശശീന്ദ്രന്, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, ജസ്റ്റിസ് ദേവന് രാമചന്ദ്രന്, കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, എറണാകുളം കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, നടന് ജയസൂര്യ ഉള്‍പ്പെടെ നിരവധി പേര് രാമചന്ദ്രന് അന്ത്യാഞ്ജലിയർപ്പിച്ചു.
രാവിലെ പത്തോടെ മങ്ങാട്ടുറോഡിലെ വസതിയിലെത്തിച്ച മൃതദേഹം, അന്ത്യകര്‍മങ്ങള്‍ക്കുശേഷം ഉച്ചയ്ക്ക് 12നാണ് ശാന്തികവാടം ശ്മശാനത്തിലേക്ക് കൊണ്ടുപോയത്. ശ്മശാനത്തിലേക്കുള്ള യാത്രയ്ക്കിടയിലും വഴിയരികിൽ നൂറുകണക്കിനുപേർ രാമചന്ദ്രന് വിടനൽകാൻ കാത്തുനിന്നിരുന്നു.