ശാഖാകുമാരി വധക്കേസ്; ഭര്‍ത്താവ് അരുണിന് ജീവപര്യന്തം
Friday, April 25, 2025 12:50 PM IST
തിരുവനന്തപുരം: ശാഖകുമാരി വധക്കേസിൽ പ്രതിയായ ഭർത്താവ് അരുണിന് ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. നെയ്യാറ്റിൻകര അഡീഷനൽ ജില്ലാ കോടതിയുടേതാണ് വിധി.
കേസിൽ അരുൺ കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. സ്വത്തുക്കൾ തട്ടിയെടുക്കാൻ തന്നെക്കാൾ 28 വയസ് കൂടുതലുള്ള സ്ത്രീയെ വിവാഹം കഴിക്കുകയും പിന്നീട് അവരെ വൈദ്യുതാഘാതം ഏൽപിച്ചു കൊലപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്.
കുന്നത്തുകാൽ ത്രേസ്യാപുരത്ത് പ്ലാങ്കാല പുത്തൻ വീട്ടിൽ ശാഖാ കുമാരി (52) ആണ് കൊല്ലപ്പെട്ടത്. 2020 ഡിസംബർ മാസം 26ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ബെഡ് റൂമിൽ വച്ച് ബലം പ്രയോഗിച്ച് ഇലക്ട്രിക് വയറിലൂടെ ശാഖാ കുമാരിയുടെ വലതു കൈത്തണ്ടയിലും മൂക്കിലും വൈദ്യുതി കടത്തിവിട്ട് കൊലപ്പെടുത്തുകയായിരുന്നു.
വിവാഹം വേണ്ടെന്നു തീരുമാനിച്ച് ഒറ്റയ്ക്ക് താമസിരുന്ന ശാഖാകുമാരി ചെറുപ്പകാരനായ അരുണുമായി പ്രണയത്തിലായതിന് പിന്നാലെയായിരുന്നു വിവാഹം. കുട്ടികൾ വേണമെന്ന ശാഖാകുമാരിയുടെ ആഗ്രഹവും ഭാര്യയുടെ പ്രായകൂടുതലും അരുണിനെ കൊല നടത്താൻ പ്രേരിപ്പിച്ചെന്ന് പോലീസ് കണ്ടെത്തി.
ശാഖാകുമാരിയെ തെളിവില്ലാതെ കൊലപ്പെടുത്തി നിയമപരമായ ഭർത്താവെന്ന നിലയിൽ സ്വത്തുക്കളുടെ അവകാശിയായി മാറുക എന്നതായിരുന്നു പ്രതിയുടെ ലക്ഷ്യം. വെള്ളറട പോലീസ് ഇൻസ്പെക്ടർ ആയിരുന്ന എം. ശ്രീകുമാറാണ് കേസന്വേഷണം നടത്തിയത്.