പഹല്ഗാം ഭീകരാക്രമണം; ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് യുഎൻ
Friday, April 25, 2025 11:03 AM IST
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം നടപടികൾ കടുപ്പിച്ചിരിക്കെ ഇടപെട്ട് യുഎൻ. ഇരുരാജ്യങ്ങളും പരമാവധി സംയമനം പാലിക്കണമെന്നും സ്ഥിതിഗതികൾ കൂടുതൽ വഷളാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും യുഎൻ വക്താവ് സ്റ്റീഫൻ ഡുജാറിക് പ്രതികരിച്ചു.
യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള സ്ഥിതിഗതികൾ ഏറെ സൂക്ഷ്മതയോടെയും ആശങ്കയോടെയും നിരീക്ഷിക്കുന്നുണ്ട്. എന്നാൽ ഇരുരാജ്യങ്ങളിലെയും സർക്കാരുകളുമായി ഗുട്ടെറസ് നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലുള്ള ഏതൊരു പ്രശ്നവും അർഥവത്തായ പരസ്പര ഇടപെടലിലൂടെ സമാധാനപരമായി പരിഹരിക്കപ്പെടേണ്ടതാണെന്ന് തങ്ങൾ വിശ്വസിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബുധനാഴ്ച കടുത്ത നടപടികളാണ് ഇന്ത്യ പ്രഖ്യാപിച്ചത്. എല്ലാ പാക്കിസ്ഥാൻകാരും ഇന്ത്യ വിടണം. ഇനി പാക്കിസ്ഥാൻ പൗരൻമാർക്ക് വീസ അനുവദിക്കില്ല. എസ്വിഇഎസ് വീസയിൽ ഇന്ത്യയിലുള്ളവർ 48 മണിക്കൂറിനുള്ളിൽ തിരികെ പോകണമെന്നും മുന്നറിയിപ്പ് നൽകി.
വാഗ-അട്ടാരി അതിർത്തി അടച്ചതായും സിന്ധു നദീജല കരാർ മരവിപ്പിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. പാക്കിസ്ഥാൻ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കിയിരുന്നു.
പിന്നാലെ ഇന്ത്യക്കെതിരേ നടപടികളുമായി പാക്കിസ്ഥാനും രംഗത്തുവന്നിരുന്നു. ഇന്ത്യൻ വിമാന കമ്പനികൾക്ക് മുന്നിൽ പാക് വ്യോമ മേഖല അടയ്ക്കുമെന്ന് പാക്കിസ്ഥാൻ പ്രഖ്യാപിച്ചു.
1972 ലെ സമാധാനക്കരാറായ ഷിംല കരാർ മരവിപ്പിക്കും. ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ബന്ധവും നിർത്തലാക്കി. സിന്ധു നദീജല കരാർ ലംഘനം യുദ്ധമായി കണക്കാക്കുമെന്നും പാക്കിസ്ഥാൻ അറിയിച്ചിരുന്നു.