ഉത്തര കേരളത്തിൽ ഇന്നും ശനിയാഴ്ചയും വൈദ്യുതി നിയന്ത്രണം
Friday, April 25, 2025 9:09 AM IST
തിരുവനന്തപുരം: ഉത്തര കേരളത്തിലെ ചില ഭാഗങ്ങളിൽ ഇന്നും ശനിയാഴ്ചയും അരമണിക്കൂർ വീതം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് കെഎസ്ഇബി അറിയിച്ചു.
കക്കയം ജലവൈദ്യുത പദ്ധതിയുടെ പെൻസ്റ്റോക്കിൽ ലീക്കേജുണ്ടായതിനെ തുടർന്ന് സുരക്ഷ മുൻനിർത്തി വ്യാഴാഴ്ച രാവിലെ മുതൽ വൈദ്യുതോത്പാദനം നിർത്തിവച്ചിരുന്നു. ഇതുമൂലം വൈദ്യുതി ഉത്പാദനത്തിൽ 150 മെഗാവാട്ടിന്റെ കുറവുണ്ടായി. ഈ സാഹചര്യത്തിലാണ് ശനിയാഴ്ച വരെ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ഇന്നു വൈകുന്നേരത്തോടെ തകരാർ പരിഹരിച്ചു വൈദ്യുതോത്പാദനം പുനഃസ്ഥാപിക്കാനാണ് ശ്രമം. കൂടുതൽ വൈദ്യുതി പുറത്തു നിന്ന് എത്തിച്ച് നിയന്ത്രണം ഒഴിവാക്കാനും ശ്രമിക്കുന്നു. വൈകുന്നേരം ആറിനു ശേഷമുള്ള സമയങ്ങളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ചു സഹകരിക്കാനും കെഎസ്ഇബി അഭ്യർഥിച്ചു.