ഭീകരാക്രമണം; സർക്കാർ നടപടികൾക്ക് പൂർണ പിന്തുണ, രാഹുൽ വെള്ളിയാഴ്ച കാഷ്മീരിലേക്ക്
Thursday, April 24, 2025 9:17 PM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെ നടപടികൾക്ക് പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. ഇന്ന് ഡൽഹിയിൽ ചേർന്ന സർവകക്ഷി യോഗത്തിനു ശേഷമാണ് രാഹുലിന്റെ പ്രതികരണം.
അതേസമയം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വെള്ളിയാഴ്ച കാഷ്മീരിലെത്തും. അനന്ത്നാഗിലെത്തുന്ന രാഹുൽ ഗാന്ധി ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ സന്ദര്‍ശിക്കും.
പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നാളെ രാജ്യവ്യാപകമായി മെഴുകുതിരി തെളിയിക്കും. നാളെ കോണ്‍ഗ്രസ് നടത്താൻ നിശ്ചയിച്ചിരുന്ന ഭരണഘടന സംരക്ഷണ റാലി ഏപ്രിൽ 27ലേക്ക് മാറ്റി.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കാഷ്മീരിലെ ശ്രീനഗറിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേർന്നു. ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ യോഗം പ്രമേയം പാസാക്കി.
കേന്ദ്ര സർക്കാരിന്റെ ഭീകരവാദ വിരുദ്ധ നടപടികൾക്ക് പൂർണ പിന്തുണയും യോഗം പ്രഖ്യാപിച്ചു. പ്രത്യേക നിയമസഭാ സമ്മേളനം ചേരാനും സര്‍വകക്ഷി യോഗം തീരുമാനിച്ചു.