ഒടുവിൽ ജെയിൻ നാട്ടിലെത്തി; റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട വടക്കാഞ്ചേരി സ്വദേശിക്ക് മോചനം
Thursday, April 24, 2025 2:10 PM IST
തൃശൂർ: റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ വടക്കാഞ്ചേരി കുറാഞ്ചേരി സ്വദേശി ജെയിൻ കുര്യൻ നാട്ടിൽ തിരിച്ചെത്തി. മടങ്ങിയെത്താനായതിൽ ആശ്വാസമുണ്ടെന്നും കൂടെയുണ്ടായിരുന്ന രണ്ടുപേർ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും ജെയിൻ പറഞ്ഞു.
തൊഴിൽ തട്ടിപ്പിനിരയായാണ് ജെയിൻ റഷ്യൻ കൂലിപ്പട്ടാളത്തിൽ എത്തിപ്പെട്ടത്. പട്ടാളത്തിലെത്തി പത്ത് ദിവസത്തെ മാത്രം പരിശീലനത്തിനൊടുവിൽ യുക്രെയ്ൻ അതിർത്തിയിലേക്ക് കൊണ്ടുപോവുകയായിരുന്നു എന്ന് ജെയിൻ പറയുന്നു.
യുദ്ധത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ജെയിന് കുര്യനെ മോസ്കോയിലെ ആശുപത്രിയില്‍ നിന്നാണ് ഡല്‍ഹിയില്‍ എത്തിച്ചത്. ഡല്‍ഹിയിലെത്തിയ ജെയിന് കുര്യന് ബന്ധുക്കളോട് ഫോണില്‍ സംസാരിച്ചു.
പട്ടാള ക്യാമ്പിലേക്ക് തിരികെയെത്തിക്കുമെന്നുള്ള ആശങ്കകള്‍ക്കിടയാണ് യുവാവിന്റെ അപ്രതീക്ഷിത മോചനം. റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട് യുദ്ധത്തിനിടെയുണ്ടായ ഷെല്ലാക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജെയിന് കുര്യനെ പട്ടാള ക്യാമ്പിലേക്ക് തിരികെ എത്തിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള രേഖാമൂലമുള്ള അറിയിപ്പ് ലഭിച്ചുവെന്ന് കഴിഞ്ഞദിവസം വാര്‍ത്തകള്‍ വന്നിരുന്നു.
മോസ്കോയിലെ ആശുപത്രിയില്‍നിന്ന് പട്ടാള ക്യാമ്പില്‍ എത്താനും 30 ദിവസം ചികിത്സാ അവധിയില്‍ പ്രവേശിക്കാനുമായിരുന്നു നിര്‍ദേശം. പട്ടാള ക്യാമ്പിലെത്തിയാല്‍ തിരികെവരാന്‍ ആവില്ലെന്നും സര്‍ക്കാരുകള്‍ വിഷയത്തില്‍ ഇടപെടണമെന്നും ജെയിന് വീഡിയോ സന്ദേശത്തിലൂടെ സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു.
ഏറെക്കാലത്തെ ചികിത്സയ്ക്കു ശേഷമാണ് ജെയിന് കുര്യന് ജീവിതത്തിലേക്ക് മടങ്ങിവന്നത്. നേരെത്തെ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടനെല്ലൂര്‍ സ്വദേശി ബിനില്‍ ബാബു മരിച്ചതായി ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചിരുന്നു. യുക്രെയ്ന് ഷെല്ലാക്രമണത്തിനിടെ പരിക്കേറ്റായിരുന്നു മരണം.