പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യ തെളിവ് നൽകണമെന്ന് പാക്കിസ്ഥാൻ
Thursday, April 24, 2025 11:30 AM IST
ഇസ്ലാമാബാദ്: ജമ്മു കാഷ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യ തെളിവ് നൽകണമെന്ന് പാക്കിസ്ഥാൻ. ഇന്ത്യയുടെ തീരുമാനങ്ങൾ അപക്വമാണെന്നും പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഇഷാഖ് ധർ പറഞ്ഞു.
സിന്ധു നദീജല കരാർ റദ്ദാക്കിയതിനെ വിമർശിച്ച ധർ, പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്റെ പങ്ക് നിഷേധിക്കുകയും ചെയ്തു. പഹൽഗാം ആക്രമണത്തിൽ പാക്കിസ്ഥാന്റെ ബന്ധത്തിന് ഇന്ത്യ ഒരു തെളിവും നൽകിയിട്ടില്ലെന്ന് ധർ പാക്കിസ്ഥാന്റെ ജിയോ ന്യൂസിനോട് പറഞ്ഞു. ഇന്ത്യയുടെ നടപടികളിൽ ഗൗരവമില്ലെന്നും ഇഷാഖ് ധർ കൂട്ടിച്ചേർത്തു.
അതേസമയം ഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സിന്ധു നദീജല കരാർ റദ്ദാക്കാനും വാഗ-അട്ടാരി അതിർത്തി അടയ്ക്കാനും ഇന്ത്യ തീരുമാനിച്ചു. ബുധനാഴ്ച വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാകാര്യ കാബിനറ്റ് യോഗത്തിലാണു കടുത്ത തീരുമാനങ്ങൾ കൈക്കൊണ്ടത്.
വാഗ-അട്ടാരി അതിർത്തി വഴി ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ പൗരന്മാർ മേയ് ഒന്നിനകം മടങ്ങണം. പാക്കിസ്ഥാൻ പൗരന്മാർക്ക് ഇനി വീസ നൽകില്ല. പാക് ഹൈക്കമ്മീഷനിലെ പ്രതിരോധ ഉപദേശകരെ ഇന്ത്യ പുറത്താക്കി. ഇവർ ഒരാഴ്ചയ്ക്കകം രാജ്യം വിടണം. ഇന്ത്യയും പാക്കിസ്ഥാനിലെ പ്രതിരോധ ഉപദേശകരെ പിൻവലിക്കും.
എസ്വിഇഎസ് വീസ ഇളവിൽ എത്തിയ പാക് പൗരന്മാർ 48 മണിക്കൂറിനകം രാജ്യം വിടണം. ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ഹൈക്കമ്മീഷനുകളിലെ ഉദ്യോഗസ്ഥരുടെ എണ്ണം 55ൽനിന്ന് 30 ആയി കുറയ്ക്കും തുടങ്ങിയ തീരുമാനങ്ങളാണ് ഇന്ത്യ കൈക്കൊണ്ടത്.