പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട കർണാടക സ്വദേശികളുടെ മൃതദേഹം ബംഗളൂരുവിൽ എത്തിച്ചു
Thursday, April 24, 2025 5:55 AM IST
ബംഗുളൂരു: പഹൽഗാമിൽ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ട കർണാടക സ്വദേശികളുടെ മൃതദേഹം ബംഗളൂരുവിൽ എത്തിച്ചു.
ശിവമൊഗ സ്വദേശി മഞ്ജുനാഥ റാവുവിന്റെ മൃതദേഹം ശിവമൊഗയിലേക്ക് റോഡ് മാർഗം കൊണ്ടുപോയി. ഭരത് ഭൂഷന്റെ മൃതദേഹം ബംഗുളൂരു മത്തിക്കെരെയിലെ വീട്ടിലേക്ക് എത്തിച്ചു.
കേന്ദ്രമന്ത്രി വി. സോമണ്ണ അടക്കമുള്ള നേതാക്കൾ ബംഗുളൂരു വിമാനത്താവളത്തിൽ എത്തി മൃതദേഹങ്ങൾ ഏറ്റുവാങ്ങി. ഭരത് ഭൂഷന്റെ സംസ്കാരം ഉച്ചയ്ക്ക് ഒന്നോടെ ബംഗുളൂരു ഹെബ്ബാൾ ശ്മശാനത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ടോടെ മഞ്ജുനാഥ റാവുവിന്റെ സംസ്കാര ചടങ്ങുകൾ നടക്കും.
കൊല്ലപ്പെട്ട കർണാടക സ്വദേശികളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്. കുടുംബ സമേതം പഹൽഗാമിലെത്തിയ ഇവരെ ഭീകരർ ഭാര്യയുടെയും മക്കളുടെയും മുന്നിൽ വെച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
മഞ്ജുനാഥ് റാവുവും കുടുംബവും ആക്രമണം നടന്നതിന് തലേന്ന് രാവിലെയാണ് പഹൽഗാമിൽ എത്തിയത്. ഭാര്യക്കും മകനും മുന്നിൽ വച്ചാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്.
ഭീകരാക്രമണം നടന്നതിനും നാല് ദിവസം മുൻപാണ് ഭരത് ഭൂഷൻ കുടുംബത്തോടൊപ്പം അവിടെയെത്തിയത്. സംഭവ ദിവസം തിരികെ മടങ്ങേണ്ടതായിരുന്നു. ബംഗളൂരു ജാലഹള്ളിയിൽ ഒരു ഡയഗ്നോസ്റ്റിക് സെന്റർ നടത്തുകയായിരുന്നു ഭരത്.