തിരുവാതുക്കൽ ഇരട്ടക്കൊലപാതകം; പ്രതി അമിത് ഉറാംഗ് പിടിയിൽ
Wednesday, April 23, 2025 9:01 AM IST
കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിലെ പ്രതി ആസാം സ്വദേശി അമിത് ഉറാംഗ് പിടിയിൽ. തൃശൂർ മാളയിലെ ആലത്തൂരിൽനിന്നാണ് ഇയാൾ പിടിയിലായത്.
ആലത്തൂരിലെ കോഴിഫാമിന് സമീപം ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
മൂന്ന് എസ്എച്ച്ഒമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിക്കായി തെരച്ചില്‍ നടത്തിയിരുന്നത്. ഗാന്ധിനഗര്‍ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം മാള പോലീസിന്റെ കൂടി സഹായത്തോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
കൊലപാതകത്തിന് ഉപയോഗിച്ച കോടാലിയിലെ വിരലടയാളം അമിത്തിന്റേതെന്ന് പോലീസ് നേരത്തേ സ്ഥിരീകരിച്ചിരുന്നു. മോഷണക്കേസിൽ അമിത് അറസ്റ്റിലായപ്പോൾ ശേഖരിച്ച ഫിംഗർ പ്രിന്റുമായി കോടാലിയിലെ വിരലടയാളത്തിന് സാമ്യമുണ്ടെന്ന് പോലീസ് കണ്ടെത്തി.
വീടിന്റെ കതകിലും വീടിനുള്ളിലും ഉൾപ്പടെ വിവിധ സ്ഥലങ്ങളിൽ അമിത്തിന്റെ വിരലടയാളം പതിഞ്ഞിട്ടുണ്ട്. കൊലപാതകം നടത്താൻ അമിത് ദിവസങ്ങളോളം ആസൂത്രണം നടത്തിയെന്നും ശനിയാഴ്ച മുതൽ അമിത് താമസിച്ചത് നഗരത്തിലെ ലോഡ്ജിലാണെന്നും പോലീസ് കണ്ടെത്തി.
പ്രതി പലതവണ വിജയകുമാറിന്റെ വീടിന് പരിസരത്തെത്തി പരിസരം വീക്ഷിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ അമിത് ലോഡ്ജ് വിട്ടു. വൈകിട്ടോടെ റെയിൽവേ സ്റ്റേഷനിലുമെത്തി. രാത്രിയോടെയാണ് പ്രതി കൊലപാതകം നടത്താനായി വീട്ടിൽ എത്തിയത്.