തിരുവാതുക്കൽ ഇരട്ടക്കൊലക്കേസ്: പ്രതി അമിത്, സ്ഥിരീകരിച്ച് പോലീസ്
Wednesday, April 23, 2025 7:32 AM IST
കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിൽ പ്രതി ആസാം സ്വദേശി അമിത് എന്ന് സ്ഥിരീകരിച്ച് പോലീസ്. കൊലപാതകത്തിന് ഉപയോഗിച്ച കോടാലിയിലെ വിരലടയാളം അമിത്തിന്റേതെന്ന് പോലീസ് അറിയിച്ചു.
മോഷണക്കേസിൽ അമിത് അറസ്റ്റിലായപ്പോൾ ശേഖരിച്ച ഫിംഗർ പ്രിന്റുമായി കോടാലിയിലെ വിരലടയാളത്തിന് സാമ്യമുണ്ടെന്ന് പോലീസ് കണ്ടെത്തി.
വീടിന്റെ കതകിലും വീടിനുള്ളിലും ഉൾപ്പടെ വിവിധ സ്ഥലങ്ങളിൽ അമിത്തിന്റെ വിരലടയാളം പതിഞ്ഞിട്ടുണ്ട്. കൊലപാതകം നടത്താൻ അമിത് ദിവസങ്ങളോളം ആസൂത്രണം നടത്തിയെന്നും ശനിയാഴ്ച മുതൽ അമിത് താമസിച്ചത് നഗരത്തിലെ ലോഡ്ജിലാണെന്നും പോലീസ് കണ്ടെത്തി.
പ്രതി പലതവണ വിജയകുമാറിന്റെ വീടിന് പരിസരത്തെത്തി പരിസരം വീക്ഷിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ അമിത് ലോഡ്ജ് വിട്ടു. വൈകിട്ടോടെ റെയിൽവേ സ്റ്റേഷനിലുമെത്തി. രാത്രിയോടെയാണ് പ്രതി കൊലപാതകം നടത്താനായി വീട്ടിൽ എത്തിയത്.
അമിത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിക്കായി സംസ്ഥാനത്തിനകത്തും പുറത്തുമായി വ്യാപക പരിശോധനയാണ് നടക്കുന്നത്.