പഹൽഗാമിൽ മരിച്ചവരിൽ ബംഗാൾ സ്വദേശിയും; ക്രൂരത ഭാര്യയുടെയും മകന്റെയും മുന്നിൽവച്ച്
Wednesday, April 23, 2025 1:28 AM IST
ശ്രീനഗർ: ജമ്മുകാഷ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ പശ്ചിമ ബംഗാൾ സ്വദേശിയും. ബിതാൻ അധികാരി(40)യാണ് മരിച്ചത്.
അധികാരിയുടെ കുടുംബത്തെ ബംഗാൾ മന്ത്രി അരൂപ് ബിശ്വാസ് സന്ദർശിച്ചു. മൃതദേഹം തിരികെ കൊണ്ടുവരുന്നതിന് എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.
അധികാരിയുടെ ഭാര്യയുമായി മുഖ്യമന്ത്രി മമത ബാനർജി ഫോണിൽ സംസാരിച്ചു. മൃതദേഹം കോൽക്കത്തയിലെ അവരുടെ വസതിയിലേക്ക് കൊണ്ടുവരാൻ ബംഗാൾ സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
മൃതദേഹം ശ്രീനഗർ ജനറൽ ആശുപത്രിയിലാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
കഴിഞ്ഞയാഴ്ചയാണ് അവധിക്കാലം ആഘോഷിക്കാൻ ഭാര്യയോടും മകനോടുമൊപ്പം അധികാരി കാഷ്മീരിൽ എത്തിയത്. കുടുംബാംഗങ്ങൾ സുരക്ഷിതരാണെങ്കിലും ഭീകരാക്രമണത്തിൽ അദ്ദേഹത്തിന് ജീവൻ നഷ്ടപ്പെട്ടു.