പഹൽഗാം ഭീകരാക്രമണം: മരിച്ചവരിൽ മലയാളിയും
Tuesday, April 22, 2025 10:26 PM IST
ന്യൂഡൽഹി: ജമ്മു കാഷ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരിൽ മലയാളിയും. എറണാകുളം ഇടപ്പള്ളി സ്വദേശി എൻ.രാമചന്ദ്രൻ (68) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ചയാണ് ഇദ്ദേഹം കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് കാഷ്മീരിലെത്തിയത്.
വിദേശത്തായിരുന്ന മകള്‍ എത്തിയതിനെ തുടര്‍ന്നായിരുന്നു യാത്ര. ഭാര്യ ഷീല രാമചന്ദ്രനും മകളും മറ്റു ബന്ധുക്കളടങ്ങിയ സംഘമാണ് കാഷ്മീരിലേക്ക് പോയത്. മറ്റു കുടുംബാംഗങ്ങൾ സുരക്ഷിതരാണെന്നാണ് പുറത്തുവരുന്ന വിവരം.
ഹൈദരാബാദ് സ്വദേശിയായ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ മനീഷ് രഞ്ജനും, കൊച്ചിയിലെ നേവി ഉദ്യോഗസ്ഥൻ ലെഫ്റ്റനന്റ് വിനയ് നർവാളും ഭീകരാക്രമണത്തിൽ മരിച്ചതായാണ് റിപ്പോർട്ട്.
കൊച്ചിയിലെ ഉദ്യോഗസ്ഥൻ ആയിരുന്നു ഹരിയാന സ്വദേശിയായ വിനയ് നർവാൾ. വിനയുടെ വിവാഹം ഏപ്രിൽ 16നാണ് കഴിഞ്ഞത്. വിനയ് നർവാളിനൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തയായിട്ടില്ല.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശാനുസരണം നോർക്ക ഹെൽപ് ഡെസ്ക്ക് തുടങ്ങിയതായി നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു.
ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ 18004253939 (ടോൾ ഫ്രീ നമ്പർ ), 00918802012345 (മിസ്ഡ് കോൾ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.