പഹൽഗാം ഭീകരാക്രമണം; മൂന്ന് ഹൈക്കോടതി ജഡ്ജിമാർ സുരക്ഷിതർ
Tuesday, April 22, 2025 9:56 PM IST
ന്യൂഡൽഹി: ജമ്മു കാഷ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷ കർശനമാക്കി. വിനോദസഞ്ചാരത്തിനായി കാഷ്മീരിലേക്ക് പോയ കേരള ഹൈക്കോടതിയിൽ നിന്നുള്ള മൂന്ന് ജഡ്ജിമാരും സുരക്ഷിതരെന്ന് വിവരം ലഭിച്ചു.
ജസ്റ്റീസുമാരായ പി.ബി.സുരേഷ് കുമാർ, അനിൽ കെ. നരേന്ദ്രൻ, ജി.ഗിരീഷ് എന്നിവരാണ് കാഷ്മീരിലുള്ളത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് പഹൽഗാമിൽ ആക്രമണമുണ്ടായത്. വിനോദസഞ്ചാരികൾ പ്രകൃതിഭംഗി ആസ്വദിച്ച് നിന്നിരുന്ന സ്ഥലത്തേക്ക് തോക്കുമായി എത്തിയ ഭീകരർ എവിടെ നിന്നുള്ളവരാണ് എന്ന് ചോദിച്ച ശേഷം ആക്രമിക്കുകയായിരുന്നു.
സംഭവത്തിൽ 20 ഓളം പേർക്ക് പരുക്കേറ്റതായുമാണ് വിവരം. വളരെ അടുത്ത് ചെന്ന് നിന്നാണ് ഭീകരർ വെടിവെച്ചത് എന്നും പട്ടാള വേഷത്തിലാണ് അക്രമികൾ എത്തിയതെന്നും ദൃക്സാക്ഷികൾ പറഞ്ഞു.