ലഹരി വസ്തുക്കള്‍ ഉപയോഗിച്ചശേഷം ഡ്രൈവിംഗ്; നിയമനടപടി നേരിട്ടതിൽ കൂടുതല്‍ പേര് കോട്ടയത്ത്
സീമ മോഹന്‍ലാല്‍
Tuesday, April 22, 2025 7:56 PM IST
കൊച്ചി: സംസ്ഥാനത്ത് മദ്യമോ മറ്റ് ലഹരി വസ്തുക്കളോ ഉപയോഗിച്ചതിന് ശേഷം വാഹനം ഓടിച്ചതിന് നിയമനടപടി നേരിട്ടവരില്‍ ഏറെയും കോട്ടയത്തു നിന്ന്. സംസ്ഥാന ഗതാഗത വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2025 ജനുവരി മുതല്‍ 2025 മാര്‍ച്ച് 14 വരെ കോട്ടയത്തു നിന്ന് 4,489 പേരാണ് നിയമനടപടിക്ക് വിധേയരായത്.
രണ്ടാം സ്ഥാനം ആലപ്പുഴ ജില്ലയ്ക്കാണ്. ഇവിടെനിന്ന് ഇക്കാലയളവില്‍ 3,258 പേര് നിയമനടപടിക്ക് വിധേയരായി. 2,682 പേരുമായി എറണാകുളം റൂറലും 2,503 പേരുമായി പത്തനംതിട്ടയും 2,264 പേരുമായി കൊല്ലം സിറ്റിയും തൊട്ടുപിന്നാലെയുണ്ട്. എറണാകുളം സിറ്റിയിൽ 432 പേര് മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. കുറഞ്ഞ ആളുകള്‍ ശിക്ഷിക്കപ്പെട്ടത് പാലക്കാടാണ് 241 പേര്.
കണ്ണൂര്‍ സിറ്റിയില്‍ 273 പേരും വയനാട് 368 പേരും ശിക്ഷിക്കപ്പെട്ടു. 2024 ല്‍ ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചതിന് നിയമനടപടി നേരിട്ടതിലും കൂടുതല്‍ പേര് കോട്ടയം ജില്ലയില്‍ നിന്നു തന്നെയാണ്. അന്ന് 15,802 പേരാണ് നിയമനടപടി നേരിട്ടത്. 14,606 പേരുമായി ആലപ്പുഴ ജില്ലയും 11,542 പേരുമായി എറണാകുളം റൂറലുമാണ് തൊട്ടു പിന്നാലെയുള്ളത്.
ആ വര്‍ഷം കുറവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കണ്ണൂര്‍ റൂറലില്‍ നിന്നാണ്. 1,023 കേസുകള്‍ മാത്രമാണ് ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്തത്. 2023 ല്‍ ശിക്ഷാ നടപടി നേരിട്ടവരില്‍ കൂടുതല്‍ പേരും എറണാകുളം സിറ്റിയില്‍ നിന്നാണ് 29,313 പേര്. അതേസമയം എറണാകുളം റൂറലില്‍നിന്ന് നിയമ നടപടി നേരിട്ടവരുടെ എണ്ണം 9,932 ആണ്.
13,495 പേരുമായി കൊല്ലം റൂറലും 12,783 പേരുമായി ആലപ്പുഴയും തൊട്ടുപി്ന്നാലെയുണ്ട്. ആ വര്‍ഷം കുറവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കണ്ണൂര്‍ റൂറലില്‍ നിന്നാണ്. ഇവിടെ നിന്ന് 325 പേരാണ് നിയമനടപടിക്ക് വിധേയരായത്. മദ്യമോ മറ്റ് ലഹരി വസതുക്കളോ ഉപയോഗിച്ചതിന് ശേഷം വാഹനം ഓടിക്കുന്നവര്‍ക്കെതിരേ മോട്ടോര്‍ വാഹന നിയമം വകുപ്പ് 185 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയാണ് പതിവ്.
ഈ കുറ്റത്തിന് 10,000 രൂപ വരെ പിഴയും ആറു മാസം വരെ തടവും തുടര്‍ന്ന് ആവര്‍ത്തിച്ചുള്ള കുറ്റത്തിന് 15,000 രൂപ വരെ പിഴയും രണ്ടു വര്‍ഷം വരെ തടവും ശിക്ഷ ലഭിക്കും. മദ്യമോ മറ്റ് ലഹരി വസ്തുക്കളോ ഉപയോഗിച്ച് വാഹനം ഓടിച്ചുവെന്ന് തെളിഞ്ഞാല്‍ ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍ഡ് ചെയ്യും.