ഭീകരാക്രമണം; അക്രമികളെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി
Tuesday, April 22, 2025 7:26 PM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ശക്തമായ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറ്റക്കാരെ ആരെയും വെറുതെ വിടില്ലെന്നും ക്രൂരമായ ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു.
സൗദി സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അമിത് ഷായുമായി ഫോണിൽ സംസാരിച്ചു. ഭീകരാക്രമണം നടന്ന സ്ഥലം സന്ദര്‍ശിക്കാൻ അമിത് ഷായോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടതായാണ് സൂചന. രാത്രി എട്ടോടെ അമിത് ഷാ ശ്രീനഗറിലെത്തും.
ഉന്നത ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസ് വഴി സംസാരിച്ചതിനുശേഷമാണ് അമിത് ഷാ ജമ്മു കശ്മീരിലേക്ക് പുറപ്പെട്ടത്. പഹൽ ഗാമിലുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പ്രതികരിച്ചു. നിരപരാധികളായവരെ ആക്രമിക്കുന്നത് ഭയാനകവും മാപ്പ് അർഹിക്കാത്ത തെറ്റാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
ഭീകരരുടെ അജണ്ട നടപ്പാകില്ലെന്നും ഭീകരവാദത്തിനെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഹൃദയഭേദകമായ സംഭവം എന്ന് പ്രതികരിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഭീകര വാദത്തിന് എതിരെ എല്ലാവരും ഒന്നിക്കണം എന്ന് ആവശ്യപ്പെട്ടു.