ജമ്മുകാഷ്മീരിൽ ഭീകരാക്രമണം; മരണ സംഖ്യ 25 ആയി
Tuesday, April 22, 2025 7:08 PM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ പെഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി. പെഹൽഗാമിലെ ബൈസാറിൻ കുന്നിൻമുകളിലേക്ക് ട്രെക്കിംഗിന് പോയ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
വിനോദസഞ്ചാരികൾ പതിവായി എത്തുന്ന ബൈസരൻ താഴ്വരയിലാണ് ആക്രമണം നടന്നത്. സൈനിക വേഷം ധരിച്ചെത്തിയവരാണ് ആക്രമിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വിനോദസഞ്ചാരികളുടെ അടുത്തേക്ക് എത്തിയ ഭീകരർ എവിടെ നിന്നുള്ളവരാണ് എന്ന് ചോദിച്ച ശേഷം ആക്രമണം നടത്തുകയായിരുന്നു.
ദി റെസിസ്റ്റന്റ് ഫ്രണ്ട്, ടിആർഎഫ് എന്ന ഭീകര സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തെന്ന് റിപ്പോർട്ടുണ്ട്. പ്രദേശത്തു നിന്ന് രക്ഷപ്പെട്ട ഭീകരരെ കണ്ടെത്താൻ സൈന്യത്തിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉടൻ ജമ്മുകാഷ്മീരിലെത്തും. സൗദി സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അമിത് ഷായുമായി ഫോണിൽ സംസാരിച്ചു.