പഹല്‍ഗാം ഭീകരാക്രമണം; അമിത് ഷാ കാഷ്മീരിലേക്ക്
Tuesday, April 22, 2025 6:46 PM IST
ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉടൻ ജമ്മുകാഷ്മീരിലെത്തും. സൗദി സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അമിത് ഷായുമായി ഫോണിൽ സംസാരിച്ചു. ഭീകരാക്രമണം നടന്ന സ്ഥലം സന്ദര്‍ശിക്കാൻ അമിത് ഷായോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടതായാണ് സൂചന.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ വസതിയില്‍ അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. ആഭ്യന്തര സെക്രട്ടറി, ഐബി മേധാവി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായും ലെഫ്റ്റനന്റ് ജനറല്‍ മനോജ് സിന്‍ഹയുമായും അമിത് ഷാ ഫോണില്‍ ബന്ധപ്പെട്ടു.
സുരക്ഷ ഉദ്യോഗസ്ഥരുമായും ആഭ്യന്തര മന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി. ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടതായാണ് വിവരം. ദി റെസിസ്റ്റന്റ് ഫ്രണ്ട്, ടിആർഎഫ് എന്ന ഭീകര സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തെന്ന് റിപ്പോർട്ടുണ്ട്.
സൈനിക വേഷം ധരിച്ചെത്തിയവരാണ് ആക്രമിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വിനോദസഞ്ചാരികളുടെ അടുത്തേക്ക് എത്തിയ ഭീകരർ എവിടെ നിന്നുള്ളവരാണ് എന്ന് ചോദിച്ച ശേഷം ആക്രമണം നടത്തുകയായിരുന്നു.
ആക്രമണത്തിൽ 20 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. പ്രദേശത്തു നിന്ന് രക്ഷപ്പെട്ട ഭീകരരെ കണ്ടെത്താൻ സൈന്യത്തിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്.