ഷൈന്‍ ടോം ചാക്കോയ്ക്ക് താക്കീത്; ഇനി ആവര്‍ത്തിച്ചാല്‍ കര്‍ശനമായ നടപടി: ഫെഫ്ക
Tuesday, April 22, 2025 5:51 PM IST
കൊച്ചി: നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് താക്കീതുമായി ഫെഫ്ക. ഒരു അവസരം കൂടി നൽകണമെന്ന് ഷൈന്‍ അപേക്ഷിച്ചെന്നും ലഹരി ഉപയോഗിച്ചുവെന്ന് താരം സമ്മതിച്ചെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് പറഞ്ഞു.
ഇത് അവസാന അവസരമാണ്. വീണ്ടും അവസരം നല്‍കിയത് ദൗര്‍ബല്യമായി കാണരുതെന്നും ഉണ്ണികൃഷ്ണന് വ്യക്തമാക്കി. ഷൈന്‍ നല്കിയ ഉറപ്പുകള്‍ പാലിച്ചാല്‍ ഷൈന്‍ മലയാള സിനിമയില്‍ ഉണ്ടാകും. ഇതൊരു ഷൈനില്‍ ഒതുങ്ങുന്ന കാര്യമല്ല.
ഷൈന്‍ ഒരു രോഗലക്ഷണമാണ്. ഇതുപോലെ ഒരുപാട് ആളുകളുണ്ട്. ഇത്തരക്കാര്‍ക്കെതിരായ പരാതി ഫെഫ്കയിലും നിര്‍മാതാക്കളുടെ സംഘടനയ്ക്കും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഷൈന്‍ ടോം ചാക്കോയുമായി തുറന്ന് സംസാരിച്ചു.
അദ്ദേഹത്തിന്റെ കുടുംബവും ഉണ്ടായിരുന്നു. അദ്ദേഹം ഒരു അവസരം കൂടി ആവശ്യപ്പെടുകയായിരുന്നു. ഷൈന്‍ പ്രതിഭയുള്ള അഭിനേതാവാണ്. ഇത്തരം തെറ്റുകളില്‍ പെടുന്നവര്‍ക്ക് തിരുത്താന്‍ ഒരു അവസരം കൊടുക്കുക എന്നതാണ് മാനുഷികമായ നിലപാട്.
എന്നാല്‍ ഈ നിലപാട് ദൗര്‍ബല്യമായി കരുതരുത്. ഷൈന്‍ ടോം ചാക്കോയ്ക്ക് നല്‍കുന്നത് അവസാന അവസരമാണ് എന്നും ഫെഫ്ക പറഞ്ഞു. ഇനി ആവര്‍ത്തിച്ചാല്‍ കര്‍ശനമായ നടപടിയെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. വിന്‍സി പരാതിയുമായി വിളിച്ചിരുന്നുവെന്നും ഫെഫ്ക ഭാരവാഹികള്‍ പറഞ്ഞു.