ജമ്മു കാഷ്മീരിൽ ഭീകരാക്രമണം; അഞ്ചുമരണം
Tuesday, April 22, 2025 5:24 PM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ പെഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. ബൈസാറിൻ എന്ന കുന്നിൻമുകളിലേക്ക് ട്രെക്കിംഗിന് പോയ വിനോദ സഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്.
ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30-നാണ് ആക്രമണമുണ്ടായത്. ആക്രമണം നടത്തിയവരില്‍ മൂന്നുപേരുണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. പരിക്കേറ്റവരില്‍ പ്രദേശവാസികളും ഉൾപ്പെടും.
ആക്രമണം നടത്തിയശേഷം ഭീകരർ സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞു. വെടിയേറ്റ ആളുടെ ഭാര്യയാണ് പോലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചത്. സ്ഥലത്ത് പോലീസിന്റെയും സൈന്യത്തിന്റെയും നേതൃത്വത്തിൽ തെരച്ചിൽ തുടങ്ങി.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഫോണിൽ സംസാരിച്ചു. അമിത് ഷാ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസ് വഴി സംസാരിച്ച് സാഹചര്യം വിലയിരുത്തി.